മാനന്തവാടിയിലെ കുറുക്കൻമൂല കളപ്പുര കോളനിയിലെ ശോഭ എന്ന 28 കാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണമുയരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി ഊരു സമിതി കൺവീനർ ആയ പി.പി. ഷാന്റോലാൽ ആണ് ആരോപിച്ചിരിക്കുന്നത്. കേസ് വഴിതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്ന് പോരാട്ടം സംസ്ഥാന കൺവീനറുമായ ഷാന്റോലാൽ കുറ്റപ്പെടുത്തി. 2020 ഫെബ്രുവരി മൂന്നിനു പുലർച്ചെ കളപ്പുര കോളനിക്കു സമീപം വയലിലാണ് ശോഭയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വയലിലെ വൈദ്യുത വേലിയിൽനിന്നു ഷോക്കേറ്റതാണ് ശോഭയുടെ മരണത്തിനു കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ.
കൂടാതെ, ശോഭ മദ്യം കഴിച്ചിരുന്നതായും പോസ്റ്റുമോർട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ ശോഭയുടെ മരണം കൊലപാതകമാണെന്ന എല്ലാ സൂചനയും തെളിവുകളും ഉണ്ടായിട്ടും ഇതൊരു അപകടമരണമായി ചിത്രീകരിക്കാനാണ് ലോക്കൽ പോലീസ് ശ്രമിച്ചത്. ഈ സാഹചര്യത്തിൽ ശോഭയുടെ മാതാവ് അമ്മിണി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. അസ്വാഭാവിക മരണത്തിനു മാത്രം കേസെടുക്കുകയും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത ലോക്കൽ പോലീസിന്റെയും ആദിവാസികളുമായി ബന്ധപ്പെട്ട കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ.എസ്.പി ഓഫീസിന്റെയും താൽപര്യങ്ങൾ എല്ലാം മറികടന്നാണ് കേസ് ക്രൈംബ്രാഞ്ചിന്റെ കൈകളിലെത്തിയത്.
2021 സെപ്റ്റംബർ ഒമ്പതു മുതൽ കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ സ്ഥലംമാറ്റിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ മറ്റു താൽപര്യങ്ങളുണ്ടെന്ന് സംശയിക്കണം. ശോഭയെ മരിച്ചനിലയിൽ കണ്ടതിന്റെ തലേന്നു രാത്രി ഒരു ഫോൺ കാൾ വന്നതിനു പിന്നാലെയാണ് ശോഭ വീടിനു പുറത്ത് പോയത്. സൗഹൃദത്തിലായിരുന്ന സമീപവാസിയായ യുവാവിന്റെ ഫോൺ ആയിരുന്നു അത്. ശോഭയുടെ മരണവിവരം പിറ്റേന്നു രാവിലെയാണ് കോളനിക്കാർ അറിഞ്ഞത്. പുലർച്ചെ അഞ്ച് മണിയോടെ പുല്ലരിയാൻ വയലിൽ പോയ പ്രദേശവാസികളിൽ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇദ്ദേഹം പോലീസിനു മൊഴി നൽകുകയും ചെയ്തു.
ശോഭയ്ക്കു വൈദ്യുതാഘാതമേൽക്കാൻ കാരണമായി പറയുന്ന വേലി പോലീസ് എത്തിയപ്പോൾ വയലിൽ ഉണ്ടായിരുന്നില്ല. പോലീസ് എത്തും മുമ്പേ സ്ഥലം ഉടമ വേലി അവിടെ നിന്നും മാറ്റിയിരുന്നു. ശോഭയെ മദ്യം കുടിപ്പിച്ചു അവശയാക്കിയശേഷം ചുമന്നു വയലിലെത്തിച്ച് വൈദ്യുത വേലിയിൽ കിടത്തി ഷോക്കേൽപ്പിച്ചു കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് ഇപ്പോഴും കോളനിക്കാർ. രാത്രി വീട്ടിൽ നിന്നും പോയ ശോഭ മരണം സംഭവിക്കുന്നതുവരെ എവിടെയായിരുന്നു, ആർക്കൊപ്പമാണ് മദ്യപിച്ചത് എന്നതിൽ ഇതുവരെ വ്യക്തതയില്ല. ചെളിയുള്ള വയലിലാണ് ശോഭയുടെ മൃതദേഹം കിടന്നിരുന്നത്. ശോഭ സ്വയം നടന്നു വയലിൽ എത്തിയതാണെങ്കിൽ കാലുകളിൽ ചെളി പുരളുമായിരുന്നു. എന്നാൽ ശോഭയുടെ കാലുകളിൽ വയലിലെ ചെളി ഉണ്ടായിരുന്നില്ല. അപ്പോൾ ശോഭ എങ്ങനെ വയലിൽ എത്തി. ഇതുതന്നെ ഏറ്റവും വലിയ ഒരു തെളിവായിരുന്നു.
അതേസമയം, കോളനിക്ക് കുറച്ചകലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഫെബ്രുവരി രണ്ടിന് രാത്രി ബഹളം കേട്ടതായി പരിസരവാസികൾ പറയുന്നുണ്ട്. എന്നാൽ ഈ വീടും പരിസരവും മുദ്ര ചെയ്ത് തെളിവുകൾ ശേഖരിക്കാനോ മറ്റോ ഉത്തരവാദപ്പെവർ തയ്യാറായില്ല. കൂടാതെ, ഇതേ വീടിന്റെ മുറ്റത്ത് നിന്നും നാട്ടുകാർ കണ്ടെടുത്ത് നൽകിയ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിദേയമാക്കാനും പോലീസ് തയ്യാറായില്ല. ഇതിൽ നിന്നെല്ലാം വ്യക്തമാണ് ഉദ്യോഗസ്ഥരുടെ താല്പര്യങ്ങൾ. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടിയാണ് ശോഭയുടെ അമ്മ ജില്ലാ പോലീസ് മേധവിക്ക് പരാതി നൽകിയത്. ശോഭയുടെ മരണത്തിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടക്കണം. ഇതിനു സർക്കാർ അടിയന്തരമായി ഇടപെടണമെന്നും
ഊരു സമിതി കൺവീനർ ഷാന്റോലാൽ ആവശ്യപ്പെട്ടു. ആദിവാസി കോളനികളിലെ ഇത്തരം കൊലപാതങ്കങ്ങളും ചൂഷണങ്ങളും പുറംലോകത്തേക്ക് എത്തേണ്ടതുണ്ട്. ഇത്തരം ഇടങ്ങളിലെ അതിക്രമങ്ങൾ ഇല്ലാത്തയാകാൻ അത് അനിവാര്യമാണ്. ശോഭയ്ക്ക് എന്താണ് സംഭവിച്ചത്? ആരാണ് ശോഭയെ കൊലപ്പെടുത്തിയത് എല്ലാം പുറത്ത് കൊണ്ടുവരുക തന്നെ ചെയ്യണം.