ദുബായ് : കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളെ ‘ഓവർടേക്ക്’ ചെയ്ത് പൊതുവാഹനങ്ങൾ ഹിറ്റ് ട്രാക്കിൽ. മെട്രോ അടക്കമുള്ള പൊതുവാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂടി.
2020ൽ പൊതുവാഹനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 34.6 കോടിയായിരുന്നെങ്കിൽ കഴിഞ്ഞവർഷം 46.1 കോടിയായെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി. ബസ്, ട്രാം, ടാക്സി, അബ്ര, ഫെറി, വാട്ടർ ടാക്സി തുടങ്ങിയവയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ക്രമാനുഗത വളർച്ച രേഖപ്പെടുത്തുന്നു.
എക്സ്പോ വേദികളിലേക്ക് ഏറെ പേരും പൊതുവാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാനാകുന്ന പൊതുവാഹനങ്ങൾ ഗതാഗതമേഖലയിൽ വൻ മാറ്റത്തിനു വഴിയൊരുക്കി. പൊതുഗതാഗത മേഖലകളെ ബന്ധിപ്പിച്ച് കൂടുതൽ സൈക്കിൾ ട്രാക്കുകൾ നിർമിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി.