മൂന്നാർ: മൂന്നാർ (Munnar) നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനിൽ ഗണേശൻ, ചില്ലി കൊമ്പൻ എന്നിങ്ങനെ വിളിപ്പേരുള്ള കാട്ടുകൊമ്പൻമാർ (Wild elephant fight) ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ എത്തിയ കൊമ്പൻമാർ പോരടിച്ച ശേഷം പുലർച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കലികയറിയ കാട്ടാനകൾ നിർത്തിയിട്ടിരുന്ന ഓട്ടോയും പാലത്തിന്റെ കൈവരികളും തേയിലച്ചെടികളും തകർത്തു. മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ആക്രമണം തുടർക്കഥയാവുകയാണ്. കൊമ്പനാനകൾ തമ്മിലുള്ള പോർവിളി മുറുകിയതോടെ കുടുംബങ്ങൾ ഭീതിയിലായി. രാത്രി ഒരു മണിയോടെ എത്തിയ കൊമ്പൻമാർ പുലർച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.കലിയിളകിയ കാട്ടാനകൾ റോഡരികിൽ നിർത്തിയിട്ടിരുന്ന പ്രവീൺ കുമാറെന്ന കിഡ്നി രോഗിയുടെ ഓട്ടോറിക്ഷ ഭാഗീകമായി തകർത്തു.സമീപത്തെ പാലത്തിന്റെ കൈവിരികൾക്ക് കേടുപാടുകൾ വരുത്തിയ കാട്ടാനകൾ തേയിലച്ചെടികളും നശിപ്പിച്ചു.
കാട്ടാന ശല്യം ഏറിവരികയാണെന്നും വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്നും വാർഡംഗവും മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രവീണ രവികുമാർ പറഞ്ഞു. കൊമ്പൻമാർ പരസ്പരം ആക്രമിക്കുന്നതിനിടെ പരിക്കേറ്റതായി സംശയമുണ്ട്. പരിക്കേറ്റ ആനയെ കണ്ടെത്താൻ വനപാലകർ ശ്രമമാരംഭിച്ചു.വേനൽ കനക്കുന്നതോടെ കാട്ടാന ശല്യം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.