കൊച്ചി;വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യും. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനെത്തുടർന്നാണ് ചോദ്യംചെയ്യൽ. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അതേസമയം കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ചില വിവരങ്ങള്‍ പരിശോധനഫലത്തില്നിന്ന് വീണുകിട്ടിയെന്നാണ് വിവരം. ഗൂഢാലോചന കേസിനോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്താവുന്ന വിവരങ്ങളും ഇതിലുണ്ട്. ആറ് ഫോണുകളുടെ പരിശോധനഫലമാണ് ലഭിച്ചത്. ഇതില്‍ ഒരു ഫോണ്‍ മുംബൈയിലേക്ക് ഫോറന്‍സിക് പരിശോധനക്കെന്ന പേരില്‍ പ്രതികള്‍ സ്വന്തം നിലയില്‍ അയച്ചതാണ്.
രണ്ട് ഫോൺ പരിശോധനക്കായി മുംബൈയിലേക്ക് അയച്ചെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, ആറ് ഫോണുകളില്‍ ഒന്ന് മാത്രമേ ഇത്തരത്തില്‍ ഉള്ളൂവെന്നാണ് കരുതുന്നത്. അതിനാല്‍ ഒരു ഫോണ്‍ ഒളിപ്പിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. 2017 മുതല്‍ ദിലീപ് ഉപയോഗിച്ച ഐ ഫോണ്‍ ഹാജരാക്കിയില്ല. ഇതായിരിക്കും മുംബൈയിലേക്ക് അയച്ച മറ്റൊരു ഫോണ്‍ എന്നാണ് കരുതുന്നത്. ഫോണുകളില്‍ പലതും ഫോര്‍മാറ്റ് ചെയ്തതായി കണ്ടെത്തി.