തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളന രേഖയ്ക്ക് അന്തിമരൂപം നല്‍കിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം മാര്‍ച്ച് ഒന്നിന് സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സെമിനാറുകള്‍ മറൈന്‍ ഡ്രൈവില്‍ത്തന്നെ മറ്റ് വേദികളില്‍ നടക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ച്ച് നാലിന് മറൈന്‍ ഡ്രൈവില്‍ പൊതുസമ്മേളനം നടക്കും. യെച്ചൂരിക്ക് പുറമേ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, ബൃന്ദ കാരാട്ട്, പിണറായി വിജയന്, എം എ ബേബി, രാമകൃഷ്ണന് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
കേരളത്തിലെ പാർട്ടിയിൽ നിലവിൽ വിഭാഗീയത ഇല്ലെന്ന് കോടിയേരി പറഞ്ഞു. ഒരു ഘട്ടത്തിൽ വിഭാഗീയത ഉണ്ടായിരുന്നു. ഇന്ന് അത്തരം സാഹചര്യമില്ല. ചില മേഖലയിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ കാലങ്ങളായി തുടർന്ന് പോരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ സർക്കാർ ഗവർണർക്ക് വഴങ്ങിയെന്ന കാനം രാജേന്ദ്രന്റെ ആരോപണം തള്ളി കോടിയേരി. സർക്കാർ ഒരു വിധത്തിലും ഗവർണർക്ക് വഴങ്ങിയിട്ടില്ല. ഗവർണർക്ക് സർക്കാർ വഴങ്ങിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ്. ഗവർണർ സ്വീകരിച്ച നടപടി ഗവർണർ തന്നെ തിരുത്തി. മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിൽ തെറ്റില്ല. പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യം വന്നാൽ പാർട്ടി ഇടപെടുമെന്ന് കോടിയേരി കൂട്ടിച്ചേർത്തു.