തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ സാധാരണ നിലയിലേക്ക്. സ്കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച സ്കൂളുകളിലെത്തും. എല്ലാവരും സ്കൂളിലെത്തുന്നതോടെ പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
40 ലക്ഷം വിദ്യാർഥികൾ നാളെ സ്കൂളിലെത്തുമെന്നും ഞായറാഴ്ചകളിലും പഠിപ്പിക്കാൻ തയ്യാറാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 60 – 90 ശതമാനം വരെ പാഠഭാഗങ്ങൾ പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ സ്കൂളുകളും പ്രവർത്തിക്കണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ മേഖലകളിൽ ലാഭനഷ്ടം നോക്കാതെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു.
ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ഥികളുമാണുള്ളത്.
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്കൂളുകള്‍ സമ്ബൂര്‍ണ തോതില്‍ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്കൂളുകളുടെ പ്രവര്‍ത്തനം.
പൊതുവിദ്യാഭ്യാസ ആരോഗ്യ ഗതാഗത തദ്ദേശ ഭരണ ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സ്കൂളുകള്‍ പൂര്‍ണമായും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നത് മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. വകുപ്പുതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി യോഗങ്ങള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകള്‍ക്കും ഐസിഎസ്ഇ സ്കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്.
പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സ്കൂളുകള്‍ സജ്ജമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.