തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ നൽകേണ്ടെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയപാർട്ടികളുടെ കേഡർമാരെ വളർത്താനുള്ള സംവിധാനമല്ല പെൻഷൻ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സർക്കാർ ജീവനക്കാരും പെൻഷനിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്. പേഴ്സണൽ സ്റ്റാഫിലെത്തുന്നവർ രണ്ട് വർഷം കഴിഞ്ഞാൽ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും ഇവർക്ക് പെൻഷൻ നൽകുന്നത് ഖജനാവിൽ നിന്നാണെന്നും അതിനാലാണ് ഈ രീതിയെ എതിർക്കുന്നതെന്നും ഗവർണർ പറഞ്ഞു.
സർക്കാർ എന്റേതാണ്. കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ടെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഉപദേശം നൽകുകയായിരുന്നു. ആരെയെങ്കിലും അപമാനിക്കാനും അധിക്ഷേപിക്കാനും അദ്ദേഹം ശ്രമിക്കുമ്പോൾ രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും കൂടെയാണ് അപമാനിക്കുന്നത്. അവരോട് ബഹുമാനം സൂക്ഷിക്കൂ, എങ്കിൽ അദ്ദേഹത്തിനും ഉയർന്ന ബഹുമാനം തിരികെ ലഭിക്കും. അവരെ ബഹുമാനിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ എനിക്കും സാധിക്കില്ല. നിങ്ങളേക്കാൾ മുതിർന്നവരെ ബഹുമാനിക്കൂവെന്ന് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും ഗവർണർ പറഞ്ഞു.