കുവൈത്ത് സിറ്റി: അർദിയ വ്യവസായ മേഖലയിൽ നടത്തിയ ഗതാഗത പരിശോധനയിൽ 692 നേരിട്ടുള്ള നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അഞ്ചു മണിക്കൂറിനുള്ളിലാണ് ഇത്രയും നിയമലംഘനം കണ്ടെത്തിയത്. ലൈസൻസില്ലാതെ വാഹനമോടിച്ച 12 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ മൂന്നുപേർ വിദേശികളും ഒമ്പതു പേർ സ്വദേശികളുമാണ്. പ്രായപൂർത്തിയാകാത്ത ഏഴു പേരെയും വാഹനമോടിച്ചതിന് പിടികൂടി. താമസ നിയമലംഘനം നടത്തിയ രണ്ടു പ്രവാസികളെയും അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ മറ്റു മേഖലകളിലും പരിശോധന നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.