കുവൈത്ത് സിറ്റി: പ്രവാസികൾക്കിടയിലെ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ‘നോട്ടെക്ക്-22’ എന്ന പേരിൽ നോളജ് ആൻഡ് ടെക്നോളജി എക്സ്പോ സംഘടിപ്പിക്കുന്നു. രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വിഭാഗത്തിനു കീഴിൽ 2018ൽ തുടക്കം കുറിച്ച പദ്ധതിയുടെ രണ്ടാം പതിപ്പാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംഘടിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തിലും പഠന-തൊഴിൽ രംഗത്തും ഉപകരിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന സംരംഭങ്ങളുടെയും സാധ്യതകളുടെയും ചർച്ചയും പ്രദർശനവും നോട്ടെക്കിൽ നടക്കും. കൂടാതെ പ്രഫഷനൽ രംഗത്തെ നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന പവലിയനുകൾ, സയൻസ് എക്സിബിഷൻ, അവയർനസ് ടോക്ക്, കരിയർ ഫെയർ, വിവിധ മത്സരങ്ങൾ എന്നിവയും അരങ്ങേറും.
ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി ദി ബ്രെയിൻ, ദി ലെജൻഡറി, സ്പോട്ട് ക്രാഫ്റ്റ്, ക്യൂ കാർഡ്, ദി പയനീർ, ഫോട്ടോഗ്രഫി, വ്ലോഗിങ്, മൊബൈൽ ആപ് ഡെവലപ്മെൻറ്, പ്രോജക്ട് തുടങ്ങിയ 22 ഇന മത്സരങ്ങളിൽ പ്രതിഭകൾ മത്സരിക്കും. കരിയർ സപ്പോർട്ട്, സയൻസ് എക്സിബിഷൻ, ജോബ് ഫെയർ, പ്രോജക്ട് ലോഞ്ച്, കോഡിങ്, കെ ടോക്ക്സ് തുടങ്ങി വിവിധ സെഷനുകളിൽ പഠനവും പ്രദർശനവും നോട്ടെക്ക് എക്സ്പോയിലുണ്ടാകും.