ദോഹ:അൽ ഷമാൽ റോഡിനും താനി ബിൻ ജാസിം റോഡിനും ഇടയിൽ നേരിട്ടുള്ള ഗതാഗതം സുഗമമാക്കി അൽ ഓയുൻ സ്ട്രീറ്റ് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ഗതാഗതത്തിന് തുറന്നു. അൽ ഗരാഫയിലേക്കുള്ള ബദൽ മാർഗം കൂടിയാണിത്.
സമീപ പ്രദേശങ്ങളിലെ വാണിജ്യ കേന്ദ്രങ്ങളിലേക്കും അൽ ഗരാഫ സൂഖിലേക്കുമുള്ള പ്രവേശനവും ഇതുവഴി എളുപ്പമാണ്. അൽ ഓയുൺ സ്ട്രീറ്റ് തുറന്നതോടെ അൽ ഷമാൽ റോഡിലെ ഗതാഗതകുരുക്കിനും പരിഹാരമാകും. 1.3 കിലോമീറ്റർ നീളുന്ന അൽ ഓയുൻ സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമുള്ള 2 വരിപാതകളിൽ മണിക്കൂറിൽ 4,388 വാഹനങ്ങളെ ഉൾക്കൊള്ളും.
പുതിയ സർവീസ് റോഡും യാത്ര എളുപ്പമാക്കും. പുതിയ അൽ ഹതീം സ്ട്രീറ്റുമായും ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഇസ്ഗവയ്ക്കും അൽ ഗരാഫയ്ക്കും ഇടയിലുള്ള അൽ ഷമാൽ റോഡിന് പകരമായി സബാഹ് അൽ അഹമ്മദ് കോറിഡോറിലേക്കും ഉം ലഖ്ബ ഇന്റർചേഞ്ചിലേയ്ക്കുമുള്ള ബദൽ പാതകൂടിയാകുമിത്.
പുതിയ സിഗ്നൽ ജംക് ഷനും തുറന്നിട്ടുണ്ട്. അൽ ഹതീം സ്ട്രീറ്റ്, അൽ ഗരാഫ റോഡ്, ഇസ്ഗവ, ഗരാഫത്ത് അൽ റയാൻ എന്നിവിടങ്ങളിൽ നിന്ന് സബാഹ് അൽ അഹമ്മദ് കോറിഡോറിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണു സിഗ്നൽ ജംക് ഷൻ.