തന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവ് മോഹന്ലാലിനെ കുറിച്ചാണെന്ന് നടി കല്യാണി പ്രിയദര്ശന്. ഹൃദയം സിനിമയിലെ അണിയറപ്രവർത്തകരെല്ലാം ഒത്തുചേർന്ന ലൈവിനിടെയായിരുന്നു കല്യാണിയുടെ പരാമർശം. പ്രണവ് മോഹൻലാൽ ലൈവിൽ എത്തിയിരുന്നില്ല. ഇതിനോടകം നാലു സിനിമകളിൽ അഭിനയിച്ചെങ്കിലും ഇതുവരെ ഒരു അഭിമുഖം പോലും പ്രണവ് നൽകിയിട്ടില്ല.
പ്രണവിനെക്കുറിച്ച് പറയാൻ വേണ്ടി മാത്രമുള്ളതാണ് തൻ്റെ അഭിമുഖങ്ങളെല്ലാം എന്നാണ് തോന്നുന്നത് എന്നാണ് കല്യാണി പറഞ്ഞത്. ആദ്യ സിനിമ പ്രഖ്യാപിച്ചപ്പോൾ നൽകിയ അഭിമുഖത്തിൽ പോലും പ്രണവിനെക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നെന്നും താരം വ്യക്തമാക്കി. ”എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവർക്ക് അത് മാത്രമാണ് അറിയേണ്ടത്. എൻ്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാൻ വേണ്ടി മാത്രമുള്ളതുപോലെയാണ് തോന്നുക. എൻ്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാൻ നൽകിയ അഭിമുഖത്തിൽ പോലും അവർ ചോദിച്ചത് പ്രണവിനെ കുറിച്ചായിരുന്നു”.- കല്യാണി പറഞ്ഞു.
കൂടാതെ തൻ്റെയും പ്രണവിന്റേയും വിവാഹത്തെക്കുറിച്ചും താരം പറയുന്നുണ്ട്. എല്ലാവർഷവും ഞാനും പ്രണവും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ ഞങ്ങളുടെ ഫോട്ടോകൾ വെച്ച് വാർത്തകളും വരാറുണ്ട്. അവൻ അഭിമുഖങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണെന്നും കല്യാണി പറഞ്ഞു. റേഞ്ചില്ലാത്ത സ്ഥലത്തായതിനാലാണ് പ്രണവ് ലൈവിൽ എത്താതിരുന്നത് എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിലാണ് ഹൃദയം ജനുവരി 21ന് തിയറ്ററിൽ എത്തിയത്. മികച്ച അഭിപ്രായം നേടിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഹോട്ട്സ്റ്റാറിലൂടെ ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു. പ്രണവിനും കല്യാണിക്കുമൊപ്പം ദർശനയും ശക്തമായ കഥാപാത്രമായി എത്തിയിരുന്നു. ഇതിനോടകം 50 കോടിയാണ് ചിത്രം ബോക്സ്ഓഫിസിൽ നിന്ന് വാരിയത്.