മസ്കത്ത്: കഴിഞ്ഞ വർഷം രാജ്യത്ത് ആഭ്യന്തരവിമാന യാത്രികരുടെ എണ്ണത്തിൽ വർധന. മസ്കത്ത് അന്താരാഷ്ട്ര എയർപോർട്ടിൽ എത്തിയ വിമാനങ്ങളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 66.7 ശതമാനത്തിൻറെ ഉയർച്ച രേപ്പെടുത്തി. പുറപ്പെട്ട വിമാനങ്ങളുടെ എണ്ണത്തിൽ 65.9 ശതമാനത്തിൻറെ വർധനയുമുണ്ട്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിൻറെ കണക്കിലാണിത് പറയുന്നത്. 2020ലെ ഇതേ കാലയളവുമായി നോക്കുമ്പോൾ കഴിഞ്ഞ നവംബർ അവസാനത്തോടെ ആഭ്യന്തര വിമാനങ്ങളിലെ മൊത്തം യാത്രക്കാരുടെ എണ്ണം 100.8 ശതമാനമായി വർധിച്ചു. അതേസമയം, വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിൽ കുറവാണ്. മസ്കത്ത് എയർപോർട്ടിൽ 21.7 ശതമാനത്തിൻറെ ഇടിവാണ് വന്നത്.
കഴിഞ്ഞ വർഷം നംവംബർ അവസാനത്തോടെ 23,303 ഫ്ലൈറ്റുകളാണ് ഇവിടെ എത്തിയത്. എന്നാൽ 2020ലെ ഇക്കാലയളവിൽ 29,765 അന്താരാഷ്ട്ര വിമാനങ്ങൾ ലഭിച്ചിരുന്നു. 2021 നവംബർ അവസാനത്തോടെ 25, 45,037 അന്താരാഷ്ട്ര വിമാനയാത്രികരാണ് രാജ്യത്ത് എത്തിയത്. 2020ൽ ഇത് 35,40,475 ആണ്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ 28.1 ശതമാനത്തിൻറെ കുറവുണ്ടായി. സലാല എയർപോർട്ടിൽ കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിൽ 0.2 ശതമാനത്തിൻറെ ഇടിവാണ് വന്നത്. എന്നാൽ, ആഭ്യന്തര വിമാന സർവിസുകളുടെ എണ്ണം 78.3 ആയി വർധിച്ചു. 2020മായി താരതമ്യം ചെയ്യുമ്പോൾ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ 90.9 ശതമാനം ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.