കാസർകോട്: കാസർകോട് ബിജെപി ജില്ലാ ഓഫീസ് പാർട്ടിയിലെ തന്നെ പ്രതിഷേധക്കാർ പൂട്ടിയിട്ടതായി റിപ്പോർട്ടുകൾ. കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം – ബിജെപി കൂട്ടുകെട്ടിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പ്രശ്നത്തിൽ കെ സുരേന്ദ്രൻ നേരിട്ട് എത്തി ചർച്ച നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
സുരേന്ദ്രൻ ഇന്ന് കാസർകോട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. പല തവണ നേതൃത്വത്തിന് വിഷയത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. രാവിലെ മുതലാണ് കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം തുടങ്ങിയത്. രാവിലെ 9.30യ്ക്ക് തുടങ്ങിയ മുദ്രാവാക്യം വിളിയും, ഉപരോധവും രണ്ടര മണിക്കൂറോളം നീണ്ടു. ഇന്ന് കാസർകോടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കെ സുരേന്ദ്രൻ എത്താതിരുന്നതാണ് പ്രതിഷേധം നടത്താൻ പ്രവർത്തകരെ പ്രേരിപ്പിച്ചിരിക്കുന്നത്.