ന്യൂഡല്‍ഹി: വിഗ്ഗില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആളെ വിമാനത്താവളത്തി നിന്ന് പിടികൂടി. ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണമാണ് വിഗ്ഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനെയാണ് വാരാണസി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് വിഭാഗം പിടികൂടിയത്.
വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനാണ് വിഗ്ഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 32.97 ലക്ഷം മൂല്യം വരുന്ന 646 ഗ്രാം സ്വര്‍ണമാണ് ഉരുക്കി കവറിലാക്കി വിഗ്ഗില്‍ ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
മൊട്ടയടിച്ച തലയില്‍ കവറിലാക്കി സ്വര്‍ണം വച്ച ശേഷം മുകളിലൂടെ വിഗ് ധരിക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനില്‍ നിന്നും സമാനമായ നിലയില്‍ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. 12.14 ലക്ഷം വില വരുന്ന 238.2 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാര്‍ട്ടണ്‍ പൊതിയാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കവറിൻ്റെ ഇടയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.