കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡുമായി ബന്ധപ്പെട്ട യാത്രനിയന്ത്രണങ്ങളിൽ ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിലാകും. വാക്സിൻ എടുക്കാത്തവർക്കും കുവൈത്തിലേക്ക് വരാമെന്നതും വാക്സിൻ എടുത്തവർക്ക് പി.സി.ആറും ക്വാറൻറീനും വേണ്ട എന്നതുമാണ് പ്രധാന മാറ്റം.
ഇളവുകൾ സ്വദേശികൾക്ക് മാത്രം എന്ന് വ്യോമയാന വകുപ്പിെൻറ സർക്കുലർ ഇറക്കിയത് ഒരു ഘട്ടത്തിൽ നിരാശ സമ്മാനിച്ചെങ്കിലും 24 മണിക്കൂറിനകം ഇതു തിരുത്തിയത് ആശ്വാസമായി. കഴിഞ്ഞ ദിവസം വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിൽ ‘കുവൈത്തികൾക്ക് മാത്രം’ എന്ന ഭാഗമാണ് ‘എല്ലാ യാത്രക്കാർക്കും’ എന്നാക്കി തിരുത്തിയത്.
കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ ഭാഗമായി വാക്സിൻ എടുക്കാത്തവർക്ക് ഞായറാഴ്ച മുതൽ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം ഡി.ജി.സി.എ വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിൽ വാക്സിനെടുക്കാത്ത സ്വദേശികൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകം എന്ന് പരാമർശിച്ചിരുന്നു. മന്ത്രിസഭ തീരുമാനത്തിൽ ആശ്വസിച്ചിരുന്ന പ്രാസികളെ ഏറെ നിരാശപ്പെടുത്തിയ ഈ പരാമർശമാണ് 24 മണിക്കൂറിനുള്ളിൽ അധികൃതർ തിരുത്തിയത്.
കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരാണെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റോ ഹോം ക്വാറൻറീനോ ആവശ്യമില്ല എന്നായിരുന്നു മന്ത്രിസഭ തീരുമാനം വാക്സിൻ എടുക്കാത്തവർക്കും അല്ലെങ്കിൽ കുവൈത്ത് അംഗീകരിക്കാത്ത കോവാക്സിൻ പോലുള്ള വാക്സിനുകൾ സ്വീകരിച്ചവർക്കും യാത്ര പുറപ്പെടുന്നതിന്, 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ സർട്ടിഫിക്കറ്റ്, കുവൈത്തിലെത്തിയാൽ ഏഴുദിവസം ഹോം ക്വാറൻറീൻ എന്നീ വ്യവസ്ഥകളോടെ പ്രവേശനം സാധ്യമാകും.