കൊട്ടാരക്കര: കൊട്ടാരക്കര എം സി റോഡിൽ വാളകം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം തീപിടിത്തത്തിൽ വാഹനങ്ങൾ കത്തിനശിച്ചു. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.
എം സി റോഡിൽ അപകടത്തിൽപെടുന്ന വാഹനങ്ങൾ വാളകം പോലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് കൂട്ടിയിടുന്നത്. ഈ വാഹനങ്ങൾക്കാണ് തീപിടിച്ചത്. 12 വർഷത്തിലധികമായി കിടക്കുന്ന വാഹനങ്ങളും ഇതിലുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൊട്ടാരക്കര, പുനലൂർ, പത്തനാപുരം എന്നിവിടങ്ങളിലായി മൂന്ന് അഗ്നിരക്ഷാസേന യൂനിറ്റുകൾ എത്തിയാണ് തീ പൂർണമായും അണച്ചത്.
നിരവധി റിക്കവറി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപമാണ് തീപിടിച്ചത്. തീപിടിക്കുന്ന സമയത്ത് റിക്കവറി വാഹനങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതസ്തംഭനം ഉണ്ടായി. കൊട്ടാരക്കരയിൽ നിന്ന് പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.