കൊച്ചി: സിനിമകള്‍ക്കായി തുറക്കുന്ന ഒ ടി ടി പ്ലാറ്റ്ഫോമിൻ്റെ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട്. സ്വകാര്യ പ്ലാറ്റ്ഫോം വാടകയ്ക്കെടുത്ത് ആദ്യത്തെ രണ്ടുവര്‍ഷം പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ടെന്‍ഡറില്‍ കേരളത്തിനുപുറത്തുനിന്നടക്കം എട്ടുകമ്പനികളുടെ അപേക്ഷ ലഭിച്ചു. ഇവയുടെ ഗുണനിലവാരപരിശോധന തിങ്കളാഴ്ച നടക്കും. കെ എസ് എഫ് ഡി സി രൂപവത്കരിച്ച പ്രത്യേക സാങ്കേതികവിദ്ഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്.
സ്വകാര്യ ഒടിടി പ്ലാറ്റ്ഫോം രണ്ട് വർഷത്തെക്ക് വാടകയ്ക്കെടുത്ത് പ്രവർത്തിക്കാനാണ് തീരുമാനം. തിരഞ്ഞെടുക്കുന്ന കമ്പനികൾ രണ്ടാഴ്ചക്കകം സാമ്പത്തിക കാര്യങ്ങളും ചെയ്യാനുദ്ദേശിക്കുന്ന പ്ലാറ്റ്ഫോമിൻ്റെ സാങ്കേതികമികവും സമിതിയെ ബോധ്യപ്പെടുത്തണമെന്നാണ് നിർദേശം. ഇതിനു ശേഷമാകും മാർച്ച് പകുതിയോടെ ഒരു കമ്പനിയെ ഒടിടി പ്ലാറ്റ്ഫോം രൂപവത്കരണത്തിനായി തിരഞ്ഞെടുക്കുന്നത്. രണ്ട് വർഷം സ്വകാര്യ കമ്പനിയിൽ നിന്ന് വാടകയ്ക്കെടുത്ത ശേഷം കെ എസ് എഫ് ഡി സിയുടെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
നിർമ്മാതാക്കളിൽ നിന്ന് സിനിമകൾ വിലകൊടുത്തുവാങ്ങുന്ന നിലവിലെ രീതിയിൽ നിന്ന് പ്രദർശനത്തിൻ്റെ വരുമാനം നിശ്ചിത ശതമാനം പങ്കുവെക്കുന്ന രീതിയിലാകും സർക്കാർ ഒ ടി ടിയുടെ പ്രവർത്തനം. തിയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടുന്ന ചിത്രാഞ്ജലി പാക്കേജ് ചിത്രങ്ങളും അവാർഡ് ചിത്രങ്ങളും എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കാൻ വേണ്ടിയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ശ്രമിക്കുന്നതെന്നും, തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ നിശ്ചിതസമയം കഴിഞ്ഞ് ഒടിടിയിൽ കൊണ്ടുവരാനും സർക്കാർ ആഗ്രഹിക്കുന്നു എന്നും കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടർ എൻ മായ പറഞ്ഞു.