ന്യൂഡൽഹി: പഞ്ചാബിലും ഉത്തർ പ്രദേശിലും വോട്ടിംഗ് ആരംഭിച്ചു. പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും, ഉത്തർ പ്രദേശിലെ 59 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബിൽ മുഴുവൻ നിയമസഭാസീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഉത്തർപ്രദേശ് മൂന്നാംഘട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസ് ഇക്കുറി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ആം ആദ്മി പാർട്ടിയാണ് തെരഞ്ഞെടുപ്പ് ഗോദയിലെ മുഖ്യ എതിരാളികൾ. ബിജെപിയും ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിൻ്റെ പാർട്ടിയെ കൂടെനിർത്തിയാണ് ബിജെപി മത്സരിക്കുന്നത്. ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ടമാണ് ഇത്. 16 ജില്ലകളിലായി 56 മണ്ഡലങ്ങളിൽ 627 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സമാജ്വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹൽ മണ്ഡലത്തിൽ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. എസ് പി സിങ് ബഘേലാണ് എതിരാളി.