ഉത്തർപ്രദേശിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 59 മണ്ഡലങ്ങൾ ആണ് വിധി എഴുതുന്നത്. മുലായം കടുംബത്തിൻ്റെ തട്ടകമായ ഇറ്റാവയും അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹലും ഉൾപ്പെടെ യാദവ വോട്ടുകൾ നിർണായകമായ മുപ്പത് മണ്ഡലങ്ങളിൽ ഇതിൽ ഉൾപ്പെടും. അതിനാൽ ഇന്നത്തെ വോട്ടെടുപ്പ് സമാജ് വാദി പാർട്ടിക്ക് ഏറെ നിർണായകമാണ്.
യുപിയിലെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മത്സര രംഗത്തുള്ളത് 627 സ്ഥാനാർഥികൾ. ഹത്രാസ്, ഫിറോസാബാദ്, ഇറ്റ, കസ്ഗഞ്ച്, മെയിന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, ഔറാരിയ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലാവുന്‍, ജാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലികളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിൻ്റെ കർഹാൽ ഉൾപ്പെടെയുള്ള എസ് പിയുടെ ശക്തി കേന്ദ്രങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന മണ്ഡലങ്ങൾ.
2017 ലെ തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിൽ ഭൂരിഭാഗവും ബിജെപി പിടിച്ചെടുത്തിരുന്നു. അന്ന് ബിജെപിക്ക് 49 സീറ്റുകളും സമാജ് വാദിക്ക് 9 സീറ്റുകളുമായിരുന്നു ലഭിച്ചത്. അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ച ശിവ്പാൽ യാദവ് യാദവ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയതാണ് എസ് പിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെട്ടത്.
എന്നാൽ ശിവ്പാൽ യാദവ് ഇക്കുറി എസ് പിയിലേക്ക് മടങ്ങിയെത്തിയതോടെ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ് പി നേതൃത്വം. അതേസമയം കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും ഇന്ന് വിധിയെഴുതും. 117 നിയസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 1304 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് ഇത്തവണ പഞ്ചാബിൽ കളമൊരുങ്ങിയിരിക്കുന്നത്. അവസാന ഘട്ടത്തിൽ കോൺഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാടുന്നതാണ് കാഴ്ച.