മനാമ: ബഹ്റൈനില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിബന്ധനകളില്‍ അധികൃതര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഞായറാഴ്ച മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ ഇനി കൊവിഡ് പി.സി.ആര് പരിശോധന നടത്തേണ്ട ആവശ്യമില്ല. രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള നിര്‍ബന്ധിത ക്വാറന്റീനും ഒഴിവാക്കി.
രാജ്യത്തെ സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബഹ്റൈനില്‍ കൊവിഡ് പ്രതിരോധ ചുമതലയുള്ള ടാസ്ക് ഫോഴ്സ് നല്കിയ ശുപാര്‍ശകള്‍ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
രാജ്യത്ത് കൊവിഡ് പോസിറ്റീവാകുന്നവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ബാധകമായ പ്രോട്ടോകോളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ കൊവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ഇനി മുതല്‍ ക്വാറന്റീന് നിര്‍ബന്ധമില്ല. BeAware മൊബൈല്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്കും കൊവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ക്വാറന്റീന് നിര്‍ബന്ധമില്ല.
പുതിയ നിബന്ധനകള്‍ പ്രകാരം സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ടെല്‍ മാത്രമേ പരിശോധന നടത്തേണ്ടതുള്ളൂ. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ റാപ്പിഡ് പരിശോധന നടത്തണം. ഈ പരിശോധനയില്‍ പോസിറ്റീവായാല്‍ ഏതെങ്കിലുമൊരു ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രത്തിലെത്തി പി.സി.ആര് പരിശോധന നടത്താം. അതല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോയും പരിശോധിക്കാം. 444 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പരിശോധനയ്ക്കുള്ള അപ്പോയിന്റ്മെന്റ് എടുക്കാം.