രാജ്യം മുഴുവൻ ഹിജാബ് വിഷയം ഇപ്പോഴും ചൂടുപിടിപ്പിക്കുന്നുണ്ട്. കാരണം പലയിടങ്ങളിലും ഹിജാബിന്റെ പേരിലുള്ള പ്രശ്നങ്ങൾ തീരുന്നില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത് എന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഇത് മനുഷ്യാവകാശ ലംഘനമല്ല എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ന് ഒരു അധ്യാപിക രാജിവെച്ച സംഭവം നടന്നു. കര്‍ണാടകയിലെ തുമാകുരു ജില്ലയിലെ സ്വകാര്യ കോളേജ് ഇംഗ്ലീഷ് അദ്ധ്യാപിക ചാന്ദിനി നാസാണ് രാജിവച്ചത്. ക്ലാസിൽ ഹിജാബ് ഒഴിവാക്കാൻ കോളേജ് മാനേജമെന്റ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇവർ രാജി വെച്ചത്. ജെയിൻ പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപികയായിരുന്നു ചാന്ദിനി. തന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയെന്നും ജോലി ഉപേക്ഷിച്ചിക്കുന്നതായും അധ്യാപിക പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ അധ്യാപിക തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയായിരുന്നു. വീഡിയോ കുറച്ചു സമയത്തിനുളളിൽ തന്നെ വൈറലായി.
തന്റെ പേരു പറഞ്ഞ് പരിചയപ്പെടുത്തിയാണ് അധ്യാപിക കാര്യം അവതരിപ്പിച്ചത്. ചാന്ദിനിയുടെ വാക്കുകൾ ഇങ്ങനെ: – ‘ജെയിൻ പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപികയായിരുന്നു ഞാൻ. മൂന്ന് വർഷമായി കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യ്തിരുന്നു. ഈ മൂന്ന് വർഷങ്ങളിൽ എനിക്ക് ഒരു ബുദ്ധിമുട്ടോ പ്രശ്നമോ നേരിടേണ്ടി വന്നിട്ടില്ല. ഞാൻ അവിടെ സുഖമായി തന്നെ ജോലി ചെയ്യുകയായിരുന്നു. എന്നാൽ, ഹിജാബ് ധരിക്കുന്നതിൽ കോളേജ് എതിർപ്പ് പ്രകടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ക്ലാസുകൾ നടത്തുമ്പോൾ ഹിജാബ് പോലുള്ളവ ഉപയോഗിക്കരുതെന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ, മൂന്ന് വർഷമായി ഞാൻ ഹിജാബ് ധരിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ, ഇത് എന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. ഹിജാബ് ധരിക്കാതെ ആ കോളേജിൽ ജോലി ചെയ്യുന്നത് ശരിയല്ല. അതിനാൽ, ഞാൻ രാജിവച്ചു.’ – അധ്യാപിക ചാന്ദിനി വ്യക്തമാക്കി.
അതേസമയം, അധ്യാപികയുടെ രാജി കത്തും വൈറലായിട്ടുണ്ട്. ‘ഞാൻ ചാന്ദിനി, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ ലെക്ചററാണ് ഞാൻ. ഹിജാബ് നീക്കം ചെയ്യാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടു. അതിനാൽ ഇംഗ്ലീഷ് വിഷയത്തിന്റെ ലക്ചറർ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു. മതത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ്. അത് ആർക്കും നിഷേധിക്കാനാവില്ല. നിങ്ങളുടെ ജനാധിപത്യവിരുദ്ധമായ നടപടിയെ ഞാൻ അപലപിക്കുന്നു. – രാജി കത്തിലൂടെ അധ്യാപിക വ്യക്തമാക്കി’. അതേസമയം, കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുളള തീരുമാനമെന്നും അതിനാലാണ് അധ്യാപകരോട് ഹിജാബ് ഒഴിവാക്കാൻ ആവിശ്യപ്പെട്ടതെന്നും കോളേജ് പ്രിന്‍സിപ്പിൽ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം, കോളേജുകളിലും വിദ്യാർത്ഥികൾ ഹിജാബ് അല്ലെങ്കിൽ കാവി ഷാൾ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ, ഈ ഉത്തരവിൽ അധ്യാപകർക്ക് ബാധകമായിരുന്നില്ല.
സമാനമായ സംഭവം മറ്റൊരിടത്തും റിപ്പോർട്ട് ചെയ്തിരുന്നു. അധ്യാപിക സ്കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് പർദ നീക്കം ചെയ്യാൻ അധികൃതർ നിർബന്ധിച്ചിരുന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു സ്കൂലായിരുന്നു സംഭവം നടന്നത്. അധ്യാപിക പർദ നീക്കം ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നിരുന്നത്. എന്നാൽ, ഉത്തരവ് വിദ്യാർത്ഥികൾക്ക് മാത്രമാണ് ബാധകമെന്നും അധ്യാപകർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. മാണ്ഡ്യയിലെ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന് കർണാടക സർക്കാർ ഇന്നലെ കർണാടക ഹൈക്കോടതിയോട് വ്യക്തമാക്കിയിരുന്നു. ഹിജാബ് ഉപയോഗം തടയുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ന്റെ ലംഘനമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് തടയുന്നത് സ്വാതന്ത്ര്യം ഉറപ്പു നൽകുന്നതിന്റെ ഭാഗമാണെന്നും കർണാടക സർക്കാർ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികളിലെ വാദം കേട്ടത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗിയാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.