കൊച്ചി: കഴിക്കമ്പലത്തെ ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ദീപുവിന്റെ തലയിൽ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ബ്രെയിൻ ഡെത്ത് നേരത്തെ തന്നെ സംഭവിച്ചിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
കരൾ രോഗം മൂർഛിച്ചതും ദീപുവിന്റെ ആരോഗ്യനില വഷളാക്കി. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ മരണം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മൃതദേഹം സംസ്കരിച്ചു. കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. മൃതദേഹം വീട്ടിലും കിഴക്കമ്പലത്തും പൊതുദർശനത്തിന് വെച്ചിരുന്നു
ദീപുവിന്റെ കൊലപാതകത്തിൽ പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് എഫ്ഐആറിൽ പറയുന്നു. കേസിൽ നാല് പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ചേലക്കുളം സ്വദേശികളായ സൈനുദ്ദീൻ , ബഷീർ, അബ്ദുൽ റഹ്മാൻ , അസീസ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.
ദീപു ട്വന്റി-20 പ്രവർത്തനം നടത്തിയതിനാലാണ് വിരോധമെന്നും എഫ്ഐആറിൽ പറയുന്നു. ദീപുവിനെ ഏറ്റവും കൂടുതൽ മർദ്ദിച്ചത് സൈനുദീനാണ്. തടയാൻ ശ്രമിച്ച വാർഡ് മെമ്പർക്ക് നേരെയും പ്രതികൾ തിരിഞ്ഞു. നിഷ അലിയാരെ അസഭ്യം പറഞ്ഞുവെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, പി വി ശ്രീനിജൻ എം എൽ എയാണ് കൊലയ്ക്ക് പിന്നിലെന്ന് ട്വന്റി ട്വന്റി ആരോപിച്ചു. അർഹത ഇല്ലാത്തവർക്ക് അംഗീകാരം കിട്ടിയതിന്റെ ഇരയാണ് ദീപുവെന്നും സാബു ജേക്കബ് പറഞ്ഞു. എന്നാൽ, സാബു എം ജേക്കബിന്റെ ആരോപണങ്ങൾ കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജൻ തള്ളി. വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുവെന്നും ശ്രീനിജൻ ആരോപിച്ചു.
കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് സിപിഐഎം പ്രവർത്തകർ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ ദീപുവിനെ മർദിച്ചത്. തുടർന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മർദനമേറ്റത്.