ദോഹ: ഖത്തർ എക്സോൺ ഓപൺ ടെന്നിസ് പുരുഷ ഡബിൾസ് കിരീടം ബ്രിട്ടൻറെ നീൽ സ്കുപ്സ്കി -നെതർലൻഡ്സിൻറെ വെസ്ലി കുൾഹോഫ് സഖ്യത്തിന്. ഫൈനലിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- കാനഡയുടെ ഡെനിസ് ഷപോവലോവ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ബ്രിട്ടീഷ് – ഡച്ച് സഖ്യം കിരീടമണിഞ്ഞത്. സ്കോർ 7-6, 6-1.
പുരുഷ സിംഗ്ൾസിൽ ജോർജിയയുടെ നികോളോസ് ബസിലാഷ്വിലിയും സ്പെയിനിൻറെ ബൗറ്റിസ്റ്റയും ഫൈനലിൽ കടന്നു. ആദ്യ സെമിയിൽ ഫ്രഞ്ചു താരം അർതർ റിൻഡെർനെച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയായിരുന്നു നിലവിലെ ചാമ്പ്യൻ കൂടിയായ ജോർജിയൻ താരത്തിൻറെ മുന്നേറ്റം. സ്കോർ 6-4, 6-2.
രണ്ടാം സെമിയിൽ റഷ്യയുടെ കാരൻ കചനോവിനെ തോൽപിച്ച് റോബർടോ ബൗറ്റിസ്റ്റ ഫൈനലിൽ കടന്നു. സ്കോർ 6-1, 6-3, 7-5.
പുരുഷ സിംഗിൾസ് മത്സരങ്ങൾ സമാപനത്തിലേക്ക് അടുക്കവേ വനിത സിംഗിൾസ് മത്സരങ്ങൾക്ക് തുടക്കമായി. ക്വാളിഫയർ റൗണ്ട് മത്സരങ്ങളാണ് സജീവമായത്. ഗർബിൻ മുഗുരുസ, അറിന സബലേങ്ക തുടങ്ങിയ താരങ്ങൾ മത്സരിക്കുന്നുണ്ട്. ശനിയാഴ്ച ആറ് മണിക്കാണ് പുരുഷ സിംഗിൾസ് ഫൈനൽ മത്സരം.