ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിലെ ഇന്നവേഷൻ ട്രാക്കിൽ സന്ദർശകർക്ക് ഡ്രൈവറില്ലാ ബസിൽ സൗജന്യയാത്ര നടത്താൻ അവസരം.
പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു.
സോളർ പാനലുകളുടെ ഇരുഭാഗത്തിനും സൂര്യപ്രകാശം ആഗിരണം ചെയ്യാൻ കഴിയുന്ന ബൈഫേഷ്യൽ മോഡൽ ഐപിപി (ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ) സോളർ പ്ലാന്റ് ആണിത്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ദീവ ഊർജിതമായി തുടരുന്നു. ദുബായിൽ 300ൽ ഏറെ ചാർജിങ് സ്റ്റേഷനുകളുണ്ട്.ഇലക്ട്രിക് ബസുകളും മറ്റു വാഹനങ്ങളും വയർലെസ് സംവിധാനം ഉപയോഗിച്ചു ചാർജ് ചെയ്യാനും സംവിധാനമുണ്ട്. ഷേപ്ഡ് മാഗ്നറ്റിക് ഫീൽഡ് ഇൻ റസണൻസ് (എസ്എംഎഫ്ഐആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്. വാഹനങ്ങൾ തനിയെ ചാർജ് ചെയ്യാനാകുമെന്നതാണ് പ്രത്യേകത. നിശ്ചിത ഭാഗത്തുകൂടി കടന്നുപോകുമ്പോൾ ബാറ്ററി ചാർജ് ആകുന്നു. ഇതുവഴി യാത്രാസമയം നഷ്ടമാകുന്നില്ല.