തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒട്ടേറെ ഉദ്യോഗസ്ഥർ 2020 മുതൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്ഥാനക്കയറ്റവും ആനുകൂല്യവും നേടിയതായി റിപ്പോർട്ടുകൾ. പ്രാഥമിക അന്വേഷണം തുടങ്ങിയതോടെ ദേവസ്വം വിജിലൻസിലെ 2 ഇൻസ്പെക്ടർമാരെ സർക്കാർ അടിയന്തരമായി പൊലീസ് സേനയിലേക്കു മടക്കിയതായും സൂചനകൾ ഉണ്ട്.
മുൻകാലങ്ങളിൽ റിക്രൂട്ടിങ് നിയമം അനുസരിച്ച് അടിസ്ഥാന യോഗ്യത എസ്എസ്എൽസി ആയിരുന്നു. എൽഡി ക്ലാർക്ക് തസ്തികയിലായിരുന്നു നിയമനം. യുഡി ക്ലാർക്ക് ആകണമെങ്കിൽ വകുപ്പുതല പരീക്ഷയും പിഎസ്സിയുടെ അക്കൗണ്ട് ടെസ്റ്റും പാസാകണം. സീനിയോറിറ്റി അടിസ്ഥാനത്തിൽ ഈ യോഗ്യതയിൽ ജൂനിയർ സൂപ്രണ്ട് വരെ സ്ഥാനക്കയറ്റം ലഭിക്കും. അതിനു ശേഷം ഗസറ്റഡ് ഓഫിസർ തസ്തികയിലേക്കും സീനിയോറിറ്റി അടിസ്ഥാനമാക്കിയായിരുന്നു നിയമനം.പക്ഷെ സർക്കാർ നിയോഗിച്ച ദേവസ്വം റിക്രൂട്മെന്റ് ബോർഡ് സ്പെഷൽ റൂൾസ് കൊണ്ടുവന്നു. അതു ഹൈക്കോടതി അംഗീകരിക്കുകയായിരിന്നു.