താൻ മരിച്ചെന്ന വ്യാജവാർത്ത പ്രചരിച്ചതിൻ്റെ പേരിൽ അവസരം നഷ്ടമായെന്ന് നടി മാല പാർവതി. ഫേസ്ബക്കിലൂടെയാണ് നടിയുടെ പ്രതികരണം. ‘മാലാ പാര്‍വതിയുടെ മരണത്തിന്റെ കാരണം- എന്താണ്, അവര്‍ക്ക് സംഭവിച്ചതെന്ത്’ എന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നടി രംഗത്തുവന്നിരിക്കുന്നത്. ഇതിൻ്റെ പേരിൽ രണ്ടു പരസ്യത്തിന്റെ ഓഡിഷന് മിസ് ആയെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.
അന്യ ഭാഷകളിൽ നിന്നുള്ളവർ താൻ മരിച്ചു എന്നുള്ള വാർത്ത വിശ്വസിച്ചിരിക്കുകയാണെന്നും അതിനാൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുകയാണെന്നും വ്യക്തമാക്കി. വിവിധ ഓൺലൈൻ സൈറ്റുകളിലാണ് മാലാ പാർവതി മരിച്ചതായി വാർത്തകൾ വന്നിരിക്കുന്നത്. ഇതിൻ്റെ സ്ക്രീൻ ഷോട്ട് ഹൈദരാബാദിൽ നിന്നുള്ള കാസ്റ്റിങ് ഏജന്റാണ് താരത്തിന് അയച്ചുകൊടുത്തത്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നത് അവരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും താരം കുറിക്കുന്നു. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല.
പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ. വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിൻ്റെ ഓഡിഷൻ മിസ്സായി!- മാല പാർവതി കുറിച്ചു. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ തമിഴിലും തെലുങ്കിലും ശ്രദ്ധേയയാണ് മാല പാർവതി. വിഷ്ണു വിശാൽ നായകനായി എത്തിയ എഫ്ഐആർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വിഷ്ണു വിശാലിൻ്റെ അമ്മയുടെ വേഷത്തിലായിരുന്നു മാല പാർവതി എത്തിയത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMaalaParvathy%2Fposts%2F494398248713730&show_text=true&width=500