എകരൂൽ: പത്ത് ദിവസം മുമ്പ് വിവാഹിതയായ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനിപുരം കാവിൽ സ്വദേശിനി മുണ്ടേം പുറത്ത് പരേതനായ സുനിൽ കുമാറിൻറെയും ജിഷിയുടെയും മകൾ തേജ ലക്ഷ്മിയെ (18)യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് ഇയ്യാട് സ്വദേശി നീറ്റോറ ചാലിൽ ജിനു കൃഷ്ണൻറെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ തേജ ലക്ഷ്മി അനങ്ങുന്നില്ലെന്ന് ഭർത്താവ് ജിനു പറയുമ്പോഴാണ് സംഭവം വീട്ടുകാര് അറിയുന്നത്. വീട്ടുകാർ മുറിയിലെത്തിയപ്പോൾ തേജ ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു.
ഫെബ്രവരി ഒമ്പതിന് കോഴിക്കോട് ആര്യസമാജത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായതെന്ന് ബന്ധുക്കൾ പറയുന്നു. തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്സിന് ചേർന്നിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കായി ബാലുശ്ശേരി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി.