കൊച്ചി: നവാഗത സംവിധായകൻ മനീഷ് കുറുപ്പ് ഒരുക്കിയ ‘വെള്ളരിക്കാപ്പട്ടണം’ എന്ന ചിത്രത്തെ മലയാള സിനിമയിലെ ഒരു പ്രബല വിഭാഗം നിരന്തരം വേട്ടയാടുകയാണ്. ചിത്രത്തിലെ ഗാനം ഇന്ന് വൈകിട്ട് റീലിസാവും. ഇതിനിടെ ചിത്രത്തിൻ്റെ സംവിധായകൻ മനീഷ് കുറുപ്പ് ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പാണ് വൈറലാവുന്നത്.
മനീഷിൻ്റെ കുറുപ്പ്
‘ഇന്റർനാഷണൽ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീർന്ന സിനിമ ഉപേക്ഷിക്കാൻ പോലും തോന്നിപോയി, നഷ്ട്ടങ്ങളെല്ലാം നികത്താൻ മറ്റ് ജോലികൾക്ക് പോകാൻ തീരുമാനിച്ചു.. ആ കാലത്താണ് “വിനയൻ” എന്ന യോദ്ധാവിൻ്റെ ആകാശഗംഗയുടെ രണ്ടാംഭാഗം സിനിമയുടെ പോസ്റ്റർ കാണുന്നത്. സിനിമാസംഘടനകളെല്ലാം പിന്നിൽനിന്നും മുന്നിൽനിന്നും കുത്തിയിട്ടും ഒരു പോറൽപോലും പറ്റാതെ ചങ്കൂറ്റത്തോടെ നട്ടെല്ലുയർത്തി ഇവരുടെയെല്ലാം മുൻപിലൂടെ നടന്ന് പോകുന്ന വിനയൻ സാറിൻ്റെ രൂപം കൺമുന്നിലുടെ കടന്നുപോയി.
പിന്നീടങ്ങോട്ട് “വെള്ളരിക്കാപ്പട്ടണം” സിനിമ പൂർവ്വാതികം ശക്തിയോടെ പുനരാരംഭിച്ചു. സെൻസറിങ്ങിൽ എത്തിയപ്പോൾ ഇന്റർനാഷണൽ സിനിമയുടെ ആളുകൾ തടസ്സങ്ങളുമായി എത്തി, സെൻസർ നമുക്ക് ലഭിക്കില്ല എന്ന ഘട്ടത്തിൽ വിനയൻ സാറിൻ്റെ പഴയ ഹൈക്കോടതി വിധിപകർപ്പുമായി സെൻസറിൽ പോയി കണ്ടു, സെൻസർ നൽകാതിരിക്കാനുള്ള കാരണങ്ങൾ നൽകാൻ ആവശ്യപ്പെട്ടു.
അടുത്ത ദിവസം സെൻസർ നൽകാൻ തീരുമാനമായി. ഞങ്ങളെപോലുള്ള തുടക്കകാർക്ക് വേണ്ടി വഴി വെട്ടിവെച്ച വിനയൻ എന്ന ധീരവിപ്ലവകാരിയെ സിനിമയിൽ അസമത്വങ്ങൾ ഉള്ളകാലത്തോളം സ്മരണയോടെ ഓർക്കും. ഇന്ന് സിനിമയുടെ പ്രൊമോഷൻ സോങ്ങ് റിലീസ് ചെയ്യിപ്പിക്കുവാൻ വിനയൻ സാറിലും പറ്റിയ ഒരു ഫിഗർ മലയാള സിനിമയിൽ ഇല്ലായെന്ന് ഞങ്ങൾക്കെല്ലാം തോന്നി. അങ്ങനെയാണ് വിനയൻ സാറിനെവിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു, സാർ സന്തോഷത്തോടെ ചെയ്യുമെന്നും സമ്മതിച്ചു.
മലയാളത്തിലെ ബിഗ് ബഡ്ജറ്റ് സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിന് എല്ലാവിധ ആശംസകളും നേരുന്നു.