കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ സി ഡി സി) മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറുമായ ബാബ അലക്സാണ്ടർ സൂം മാദ്ധ്യമത്തിലൂടെ യുട്യൂബിൽ നടത്തിയ ലൈവ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചു. കഴിഞ്ഞ സെപ്തംബർ 5 ഞായറാഴ്ച്ച നടത്തിയ ലൈവ് ക്ലാസ്സിൽ 21,449 പേരാണ് പങ്കെടുത്തത്.
നിരവധി വർഷങ്ങളായി നേരിട്ടും ഓൺലൈനായും ബാബാ ഈസി ഇംഗ്ലീഷ് എന്ന പേരിൽ സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ. സാധാരണക്കാർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം നൽകുന്നതിനാൽ ഇതിനോടകം സമൂഹ ശ്രദ്ധ നേടിയതാണ് ബാബ അലക്സാണ്ടർ ആവിഷ്കരിച്ച ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ് പരിശീലന പരിപാടി.
വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ഇതിൻ്റെ മൊഡ്യൂൾ. ഈ സൗജന്യ ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർ 8129821777 എന്ന വാട്ട്സാപ്പ് ഫോൺ നമ്പറിൽ ബന്ധപ്പെടണം. ചേരുന്നതിന് പ്രായപരിധിയോ, വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ലെന്ന് എൻ സി ഡി സി ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, കേരള റീജിയൻ അഡ്മിൻ റിസ്വാൻ എം, ന്യൂസ് കോർഡിനേറ്റർ റിൻസി മഠത്തിൽ എന്നിവർ പങ്കെടുത്തു.