നെടുമങ്ങാട്: ഗ്രാമങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ നടപടിയില്ല. മുമ്പ് വേനൽ കനക്കുന്നതിനു മുമ്പായി വലിയ ചിറകളും ജലസ്രോതസ്സുകളും നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിലും ഏതാനും വർഷങ്ങളായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം പദ്ധതികൾ ഉപേക്ഷിച്ചമട്ടാണ്.
താലൂക്കിൽ നൂറിലേറെ കുളങ്ങളും ചിറകളുമാണ് പായലും ആമ്പലും പടർന്ന് നശിക്കുന്നത്. ചിലയിടങ്ങളിൽ ജലസ്രോതസ്സുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായും മാറി. ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണം ചിറ സംരക്ഷണമില്ലാതെ നാശത്തിൻറെ വക്കിലായിട്ട് വർഷങ്ങളായി. 30 സെൻറ് വിസ്തൃതിയുള്ള ചിറ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്ന ആവശ്യം ഇതുവരെ സാധ്യമായിട്ടില്ല. നെടുമങ്ങാട് നഗരസഭയിലെ ചിറമുക്ക്ചിറ നാട്ടുകാർ ഇടപെട്ട് സംരക്ഷിക്കാറുണ്ട്. എന്നാൽ, തൊട്ടടുത്തുള്ള കിഴക്കേക്കോണം ചിറ ശോച്യാവസ്ഥയിലാണ്. കരകുളം പഞ്ചായത്തിലും ചിറകളും കുളങ്ങളും ശോച്യാവസ്ഥയിലാണ്.
വേനൽ ശക്തിപ്പെട്ടാൽ വരും ദിവസങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാകും. ശുദ്ധജലത്തിനായി പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ അലയേണ്ടിവരും. ടാങ്കറുകളിൽ എത്തുന്ന വെള്ളമാണ് പിന്നെ ആശ്രയം.
പഞ്ചായത്തുകളിലെ പൊതുകിണറുകൾ ശുചീകരിക്കാത്തതിനാൽ കുടിവെള്ളത്തിനായി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഗ്രാമീണമേഖലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. നന്ദിയോട്, പെരിങ്ങമ്മല, ആര്യനാട്, തൊളിക്കോട് ഗ്രാമപഞ്ചായത്തുകളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കൊണ്ടു വന്ന പല പദ്ധതികളും പാതിവഴിയിലാണ്.