ആറ്റിങ്ങൽ: കായിക്കര ആശാൻ സ്മാരക പരിസരത്ത് സാമൂഹികവിരുദ്ധ ശല്യം. അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരക കാവ്യഗ്രാമമാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്. മദ്യപസംഘങ്ങളും മറ്റുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കടൽക്കരയോട് ചേർന്ന പ്രദേശമായ ഇവിടത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ഇവിടെ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സ്ഥലത്ത് വന്നിരുന്ന് മദ്യപിച്ച ശേഷം കുപ്പികൾ എറിഞ്ഞുടക്കും. കുപ്പിച്ചില്ല് കൊണ്ട് നിരവധി യാത്രക്കാർക്ക് മുറിവേറ്റു. ലഹരി ഉപയോഗത്തിനായി എത്തുന്ന സംഘങ്ങൾ ആണ് കുമാരനാശാൻ സ്മാരക കാവ്യഗ്രാമത്തിൻറെ സൗന്ദര്യം നശിപ്പിക്കുന്നത്. ലഹരി ഉപയോഗ ശേഷം ഇവിടെ എത്തുന്നവരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യുന്നുണ്ട്.
പലരും സംഭവം പുറത്തുപറയാതെ മടങ്ങിപ്പോകുകയാണ് പതിവെന്നും പ്രദേശവാസികൾ പറയുന്നു. പലതവണ െപാലീസിനെ അറിയിച്ചെങ്കിലും ഉണർന്നുപ്രവർത്തിക്കുവാൻ അധികൃതർ ശ്രമിക്കുന്നില്ല. പ്രദേശം ശുചീകരിച്ച് െപാലീസ് പട്രോളിങ് ശക്തമാക്കുകയും ആശാൻ സ്മാരകത്തിൽ സ്ത്രീകളെ ഉൾപ്പെടെയുള്ള സെക്യൂരിറ്റിെയയും നിരീക്ഷണ കാമറകളും സ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.