തൊടുപുഴ: കാതടപ്പിക്കുന്ന ശബ്ദത്തോടെ വാഹനങ്ങളിൽ ചീറിപ്പായുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയപ്പോൾ പിടികൂടിയത് 421 കേസുകൾ. ഇവരിൽനിന്ന് 10,74,750 പിഴ ചുമത്തി. മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെൻറ് വിഭാഗവും അഞ്ചുദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്രയധികം കേസുകൾ പിടികൂടിയത്.
വാഹനങ്ങളിലെ സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ പിടികൂടാൻ ഓപറേഷൻ സൈലൻസ് എന്ന പേരിൽ ഫെബ്രുവരി 14 മുതൽ 18 വരെ പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെൻറും രംഗത്തുണ്ടായിരുന്നു. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന.
ബുള്ളറ്റുകളിലും മറ്റും സൈലൻസറിൽ ഭേദഗതിവരുത്തി ജനങ്ങൾക്ക് അരോചകമാകുന്ന വിധത്തിൽ അമിത ശബ്ദത്തിൽ യുവാക്കൾ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾക്കെതിരെ പരാതി ശക്തമായ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടിയുമായി രംഗത്തിറങ്ങിയത്. ഇടുക്കി ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 351 കേസുകളിൽനിന്ന് 8,27,750 രൂപ പിഴ ചുമത്തിയപ്പോൾ എൻഫോഴ്സ് മെൻറിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 70 കേസുകളിൽനിന്ന് 2,47,000 രൂപ പിഴ ഇട്ടു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് സ്ക്വാഡിൻറെ നേതൃത്വത്തിൽ വിവിധ മേഖലകളിലായി ആറുസംഘങ്ങളാണ് പരിശോധന നടത്തിയത്.