കഴിഞ്ഞ കുറച്ച് കാലമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വാർത്തകളിൽ ഇടം നേടുന്നുണ്ട്. അവിടെ നടന്ന കൊലപാതകത്തിന്റെയും അന്തേവാസികൾ ഒളിച്ചോടിയതിന്റെയും പേരിലാണ് കുതിരവട്ടം വീണ്ടും ചർച്ചയായത്. മാനസിക രോഗികൾ സമൂഹത്തിൽ നിന്ന് എന്നും മാറ്റി നിർത്തപ്പെട്ടവരായതിനാൽ അവരുടെ കാര്യങ്ങളിൽ പൊതു സമൂഹം കാര്യമായ ശ്രദ്ധ പുലർത്താറില്ല. അത് മിക്കപ്പോഴും സൃഷ്ടിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും പ്രശ്നങ്ങളുമാണ്.
ഇക്കാര്യം ശരിവെക്കുന്നതാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കടുത്ത മനുഷ്യാവകാശലംഘനമെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ജീവനക്കാരിൽ ചിലർ അശ്രദ്ധമായാണ് ജോലി ചെയ്യുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അന്തേവാസിയായ സ്ത്രീയുടെ മരണത്തിനിടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിനും ആറരക്കും ഇടയിലാണ് അന്തേവാസി മരിച്ചത്.
ആവശ്യത്തിന് ജീവനക്കാരുണ്ടായിരുന്നെങ്കില്‍ കൊലപാതകം തടയാമായിരുന്നെന്ന് റിപ്പോർട്ടിലുണ്ട്. അന്തേവാസികൾക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ല. കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ശോച്യാവസ്ഥയിലാണ്. മൂന്നു വർഷം കഴിഞ്ഞാൽ ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകാനും അധികൃതർ മടിക്കുകയാണ്.
പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്ന മുന്നറിയിപ്പും അഡീഷനൽ ഡി.എം.ഒ തയാറാക്കിയ റിപ്പോർട്ടിലുണ്ട്. അതേസമയം, പ്രശ്നങ്ങൾ ഗൗരവമായി കാണുന്നെന്ന് കുതിരവട്ടം ആശുപത്രി സന്ദർശിച്ച ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷിനു കോഴിക്കോട്ട് പറഞ്ഞു.
അടിയന്തര സാഹചര്യം പരിഗണിച്ച് വിഷയങ്ങൾ കൃത്യമായി പഠിച്ചശേഷം തിങ്കളാഴ്ച ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുതിരവട്ടത്തെയും തൃശൂരിലെയും മാനസികാരോഗ്യകേന്ദ്രങ്ങളിലെ സ്ഥിതി വിലയിരുത്താൻ ആരോഗ്യവകുപ്പാണ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയത്.
ഒരു സ്ത്രീയുടെ കൊലപാതകവും മറ്റൊരു സ്ത്രീയുടെയും പുരുഷന്റെയും ഒളിച്ചോട്ടവും നടന്നത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. അന്തേവാസികൾക്ക് ചികിത്സയോ മതിയായ സൗകര്യമോ ഇവിടെ ലഭിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് തന്നെ പറയുമ്പോൾ ഇതുവരെ നടന്ന അനാസ്ഥയ്ക്ക് ആരാണ് ഉത്തരവാദി?