ഇരവിപുരം: വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍ മോഷണം നടത്തുന്ന യുവാവിനെ പോലീസ് പിടികൂടി. ഇരവിപുരം വാളത്തുംഗല്‍ ചേതന നഗര്‍ ഉണ്ണി നിവാസില്‍ മുരുകന് മകന് ഉണ്ണി മുരുകനാണ് (29) പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് വാളത്തുംഗല്‍ പാര്‍ക്ക് ചെയ്തിരുന്ന ഷാജി എന്നയാളുടെ ഓട്ടോയില്‍ നിന്നും ബാറ്ററി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റ് വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.
തുടര്‍ന്ന് പരിസരത്തുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബാറ്ററി മോഷണം ചെയ്തയാളെ പോലീസ് തിരിച്ചറിയുകയായിരുന്നു. പിന്നീട് പോലീസ് ഇയാളെ തട്ടാമല നിന്ന് പിടികൂടുകയായിരുന്നു. പോലീസിനോട് ഇയാള്‍ ബാറ്ററി മോഷണം സമ്മതിക്കുകയും മോഷ്ടിക്കുന്ന ബാറ്ററികള്‍ ആക്രികടകളില്‍ വില്‍ക്കുകയാണ് പതിവെന്ന് അറിയിക്കുകയും ചെയ്തു.
ആശ്രാമത്തുളള ആക്രികടയില്‍ നിന്നും മോഷണം പോയ ബാറ്ററികള്‍ പോലീസ് കണ്ടെടുത്തു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ഷാ, ജയേഷ് ജെ, ഷാജി, സി പി ഒമാരായ സുമേഷ് ബേബി, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.