ശാസ്താംകോട്ട: ശാസ്താംകോട്ട ഡി ബി കോളേജിൽ നടന്ന വിദ്യാർഥി സംഘർഷത്തിനു പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൻ്റെ വീടിനുനേരേ ആക്രമണം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫിയുടെ മൈനാഗപ്പള്ളിയിലെ വീടിനുനേരേയാണ് ആക്രമണം നടന്നത്. വീടിനുമുന്നിൽ കിടന്ന കാറും വീടിൻ്റെ ജനാലയും തല്ലിത്തകർത്തു. നമ്പർപ്ലേറ്റ് മറച്ച കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് അൻസാർ ഷാഫി പറഞ്ഞു.
കല്ലെറിഞ്ഞിട്ടും ജനാലച്ചില്ല് പൊട്ടാതിരുന്നതിനാൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചുതകർത്തതായും പരാതിയിൽ പറയുന്നു. സംഭവസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. കോൺഗ്രസ് നേതാക്കന്മാരുടെ അറിവോടെയാണ് അക്രമം നടത്തിയതെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും ആയുധം താഴെവെക്കണമെന്ന് സിപിഎം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മൈനാഗപ്പള്ളി ഐ സി എസിൽ പ്രകടനം നടത്തി.
അതേസമയം, ഡി ബി കോളേജിലെ സംഘർഷത്തെ തുടർന്ന് കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. തിങ്കളാഴ്ച 11 മണിവരെയാണ് നിരോധനാജ്ഞ. കോളേജിനകത്ത് വിദ്യാർത്ഥികൾക്കിടയിലുണ്ടായ സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെയാണ് കൊല്ലം റൂറൽ പോലീസ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്. കേരള പോലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് ജില്ലാ പരിധിയിൽ നാലിലധികം ആളുകൾ കൂട്ടംകൂടുന്നതും രാഷ്ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവൃത്തികൾ എന്നിവയും 21-ന് രാവിലെ 11 വരെ നിരോധിച്ചു. മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ബാധകമല്ല.