മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തേയും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളായ സിബിഐ പരമ്പരകളുടെ ആദ്യഭാഗം പുറത്തിറങ്ങിയിട്ട് 34 വർഷം. 1988 ഫെബ്രുവരി 18നാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങുന്നത്. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നില്ക്കുന്നു.
ഇപ്പോള്‍ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാന്‍ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന് എന്ന അപൂര്‍വ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ സ്വന്തമാക്കുകയാണ്. ചരിത്രത്തിൻ്റെ ഭാഗമാകുന്ന സിനിമയുടെ 34ാം വാർഷികം സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിൻ്റെ സെറ്റിൽ അണിയറപ്രവർത്തകർ ആഘോഷിച്ചു. മമ്മൂട്ടി, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിര്‍മാതാവ് സ്വർഗചിത്ര അപ്പച്ചൻ, രൺജി പണിക്കർ, അൻസിബ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
കെ മധുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
സേതുരാമയ്യര്‍ തൻ്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാല്‍, 1988 ഫെബ്രുവരി 18നാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഞങ്ങള്‍ മുഴുവന്‍ പേര്‍ക്കും ആകാംക്ഷയുടെ ദിനമായിരുന്നു.
ഞങ്ങളുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നില്ക്കുന്നു. പിന്നെയും ഈശ്വരന് തൻ്റെ നിഗൂഢമായ പദ്ധതികള്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സിബിഐ പരമ്പരയില്‍ നിന്നും മൂന്നു നക്ഷത്രങ്ങള്‍ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങള്‍ പിന്നീട് ഒരു നക്ഷത്രസമൂഹമായി. ഇപ്പോള്‍ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാന്‍ ഒരുങ്ങുകയാണ്.
ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന് എന്ന അപൂര്‍വ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ ഞങ്ങള്‍ സ്വന്തമാക്കുകയാണ്. ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻ്റെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യര്‍ക്ക് ജന്മം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്.എന്‍. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങള്‍ക്ക് താളലയം നല്കിയ സംഗീത സംവിധായകന് ശ്രീ.ശ്യാം, സിബിഐ അഞ്ചാം പതിപ്പിൻ്റെ നിര്‍മ്മാതാവ് ശ്രീ.സ്വര്‍ഗ്ഗചിത്ര അപ്പച്ചന്, സിബിഐ ഒന്നുമുതല്‍ അഞ്ചുവരെ നിര്‍മ്മാണ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്ന ശ്രീ.അരോമ മോഹന്‍, ശ്രീ.ശ്യാമിൻ്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് , ഉ.ഛ.ജ.അഖില്‍ ജോര്‍ജ്ജ്, ആര്‍ട്ട് ഡയറക്ടര്‍ സിറിള്‍ കുരുവിള, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍, ഒപ്പം, കഴിഞ്ഞ 34 വര്‍ഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകള്‍ക്ക്.. എല്ലാവര്ക്കും നിസ്സീമമായ എൻ്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നില്‍ നിന്ന് നയിക്കാന്‍ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നല്കിയ, എൻ്റെ മേല്‍ സദാ അനുഗ്രഹവര്‍ഷം ചൊരിയുന്ന എൻ്റെ പ്രിയ ഗുരുനാഥന് ശ്രീ. എം. കൃഷ്ണന് നായര്‍ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDirectorKMadhuOfficial%2Fposts%2F475770543924522&show_text=true&width=500