ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ സമാജ്വാദി പാർട്ടി നേതാവ് അഭയ് സിംഗിന്റെ വാഹനവ്യൂഹത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. വാഹനങ്ങൾക്കു നേരെ കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തു.
മഹാരാജ്ഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലെ മേപുർ മാർക്കറ്റിന് സമീപമായിരുന്നു സംഭവം. അഭയ് സിംഗും സംഘവും ഉനിയാറിൽനിന്ന് ജഹ്ന മാർക്കറ്റ് ഭാഗത്തേക്ക് പോകുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അഭയ് സിംഗിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
മഹാരാജ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വികാസ് സിംഗ് എന്നയാളാണ് ആക്രമണത്തിന് പിന്നിൽ.
അഭയ് സിംഗ് മുൻ എംഎൽഎയും അയോധ്യയിലെ ഗോഷൈംഗഞ്ച് നിയമസഭാ സീറ്റിൽ നിന്നുള്ള എസ്പി സ്ഥാനാർത്ഥിയുമാണ്. യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ മുൻ ബിജെപി എംഎൽഎ ഇന്ദ്ര പ്രതാപ് തിവാരിയുടെ ഭാര്യയും ബിജെപി നോമിനിയുമായ ആരതി തിവാരിയുമായി അദ്ദേഹം ഏറ്റുമുട്ടും.