മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനി പേടിഎമ്മിന്റെ ഓഹരി റെക്കോർഡ് വന്‍ നഷ്ടത്തിൽ. ഇന്ന് ഉച്ച വരെ മാത്രം രണ്ടു ശതമാനത്തിലേറെ ഇടിവാണ് കമ്പനിയുടെ ഓഹരിയിലുണ്ടായത്.
ശരാശരി 830 രൂപയാണ് ഇപ്പോഴത്തെ ഓഹരി വില. 1,961 രൂപ വരെയുണ്ടായിരുന്ന ഓഹരിയാണ് ഇപ്പോൾ 50 ശതമാനത്തിലേറെ താഴ്ന്ന് 830യിൽ എത്തി നിൽക്കുന്നത്. കമ്പനിയുടെ വിപണി മൂല്യം 55,000 കോടിയിലേക്ക് താഴ്ന്നു. വൺ 97 കമ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന പേരിലാണ് പേടിഎം വിപണിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ദിനംപ്രതി കമ്പനി സിഇഒ വിജയ് ശേഖർ ശർമ്മയ്ക്ക് ശരാശരി 128 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് ധനകാര്യ മാധ്യമമായ മണി കൺട്രോൾ റിപ്പോർട്ടു ചെയ്യുന്നു. 8.9 ശതമാനം ഓഹരിയാണ് വിജയ് ശേഖറിന് കമ്പനിയിലുള്ളത്, 998 ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരി. നേരത്തെ ഇത് 1.5 ബില്യണായിരുന്നു. ഫോബ്സ് പട്ടിക പ്രകാരം 1.3 ബില്യൺ ഡോളറാണ് ശർമ്മയുടെ ആസ്തി.