തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരള സമൂഹത്തെ പരിഷ്കൃതസമൂഹമാക്കി ഉയര്‍ത്തുന്ന പരിശ്രമങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിച്ചെന്ന് മന്ത്രി പറഞ്ഞു. ജനകീയാസൂത്രണത്തില്‍ 25 വര്‍ഷങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഗുണമേന്മയുള്ളതാക്കി മാറ്റി. സേവനമേഖലയ്ക്കപ്പുറം ഇനി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തൊഴില്‍ദാതാവ് എന്ന രൂപത്തിലേക്ക് പരിവര്ത്തനപെടണമെന്ന് അദ്ദേഹം പറഞ്ഞു.
ആയിരത്തില്‍ അഞ്ച് പേര്‍ക്ക് ജോലി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണമെന്നും കുടുംബശ്രീയെയും വിവിധ ഗവണ്മെന്റ് ഏജന്‍സികളെയും ഇതിന് ഫലപ്രദമായി ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതി ദരിദ്രരുടെ ജീവിതം പൊതുസമൂഹത്തിന്റെ ഭാഗമാക്കുന്നതിനുള്ള സൂക്ഷ്മ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണം. രണ്ടര ലക്ഷത്തോളം വരുന്ന ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കണമെന്നും മന്ത്രി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. വാതില്‍പടി സേവനം പരാശ്രയമില്ലാതെ ജീവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് സഹായകമാണെന്നും ഇന്ത്യയില്‍തന്നെ നൂതനമായ ഈ പദ്ധതി ആരും ഒറ്റപ്പെട്ടു പോകാതെ ഏവര്‍ക്കും ആശ്രയം ഉണ്ടെന്ന പ്രഖ്യാപനം കൂടിയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
സെമിനാറില്‍, ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷം പുതുതലമുറ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ മുന്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് അവതരണം നടത്തി. അതിദാരിദ്ര്യ നിര്‍ണ്ണയപ്രക്രിയയില്‍ നിന്നും സമാനതകളില്ലാത്ത ദാരിദ്ര്യ ലഘൂകരണ പ്രക്രിയയിലേക്ക് എന്ന വിഷയത്തില്‍ സ്റ്റേറ്റ് സെല്‍ നോഡല്‍ ഓഫീസര്‍ വി എസ് സന്തോഷ് കുമാര്‍ കില സീനിയര്‍ അര്‍ബന്‍ ഫെലോ ഡോ.രാജേഷ് കെ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു എന്നിവര്‍ അവതരണം നടത്തി. വാതില്‍പ്പടി സേവനം സാധ്യതകള്‍ എന്ന വിഷയത്തില്‍ മിര്‍ മൊഹമ്മദ് അലി ഐ എ എസ്, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് എന്നിവര്‍ അവതരണം നടത്തി.
തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഐഎഎസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി കെ കെ രാജീവന്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി. അമ്പിളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബര്‍ വൈസ് പ്രസിഡന്റ് അഡ്വ. സാം. കെ ഡാനിയല്‍, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മെന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. സക്കീര്‍ ഹുസൈന് എന്നിവര്‍ സെമിനാര്‍ വിഷയങ്ങളില്‍ പ്രതികരിച്ച് സംസാരിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് (അര്‍ബന്‍) ഡയറക്ടര്‍ ഡോ. രേണുരാജ് ഐഎഎസ് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.