മനാമ: ബഹ്റൈനിൽ നിലവിലുണ്ടായിരുന്ന കൊവിഡ് നിബന്ധനകളിൽ (Covid restrictions) അധികൃതർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Bahrain International Airport) എത്തുന്നവർക്ക് ഞായറാഴ്ച മുതൽ രാജ്യത്ത് പ്രവേശിക്കാൻ ഇനി കൊവിഡ് പി.സി.ആർ പരിശോധന (Covid PCR Test) നടത്തേണ്ട ആവശ്യമില്ല. രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള നിർബന്ധിത ക്വാറന്റീനും (Precautionary quarantine) ഒഴിവാക്കി.
രാജ്യത്തെ സിവിൽ ഏവിയേഷൻ വിഭാഗം കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയ ഇളവുകൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബഹ്റൈനിൽ കൊവിഡ് പ്രതിരോധ ചുമതലയുള്ള ടാസ്ക് ഫോഴ്സ് നൽകിയ ശുപാർശകൾ ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് സിവിൽ ഏവിയേഷൻ വിഭാഗം കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
രാജ്യത്ത് കൊവിഡ് പോസിറ്റീവാകുന്നവരുമായി സമ്പർക്കത്തിൽ വരുന്നവർക്ക് ബാധകമായ പ്രോട്ടോകോളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ കൊവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നവർക്ക് ഇനി മുതൽ ക്വാറന്റീൻ നിർബന്ധമില്ല. BeAware മൊബൈൽ ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് ഇല്ലാത്തവർക്കും കൊവിഡ് പോസിറ്റീവായവരുമായി സമ്പർക്കത്തിൽ വന്നാൽ ക്വാറന്റീൻ നിർബന്ധമില്ല.