തിരുവനന്തപുരം: രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മുട്ടട സ്വദേശിയായ 34 കാരനെയാണ് ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ 2018 ഫെബ്രുവരി അവസാനമായിരുന്നു സംഭവം. ഭാര്യയുടെ മാതാപിതാക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കുട്ടി രാത്രിയിൽ സ്ഥിരമായി കരയുകയും സ്വകാര്യ ഭാഗത്ത് വേദനിക്കുന്നെന്നും പറഞ്ഞിരുന്നു. ഇവിടം പരിശോധിച്ച അമ്മ മുറിവ് കണ്ടെത്തി. മുറിവിനെ കുറിച്ച് ചോദിച്ചപ്പോഴും കുഞ്ഞ് കരഞ്ഞു. മറുപടി പറഞ്ഞില്ല. ഭർത്താവിനെയാണ് കുട്ടിയുടെ അമ്മ സംശയിച്ചത്. കുഞ്ഞ് ജനിച്ചത് മുതൽ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് പ്രതി കലഹിച്ചിരുന്നു. യുവതിക്ക് വേറെ ബന്ധമുണ്ടെന്നും കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടത് സംശയം വർധിപ്പിച്ചു.
ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് നേരിൽ കണ്ടെന്നാണ് അമ്മയുടെ മൊഴി. ഇവർ ബഹളം വെച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തിയെന്നും അടുത്ത ദിവസവും പ്രതി ഇത് ആവർത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം കുട്ടിയെ രാത്രി യുവതിയുടെ അമ്മയുടെ കൂടെയാണ് കിടത്തിയിരുന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ പരുക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. ആശുപത്രിയിൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ ഇടപെട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്. മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് കുട്ടിയുടെ പരിക്ക് മാറിയത്.