മസ്കത്ത്: ഡ്രോൺ ഉപയോഗിച്ച് പാഴ്സൽ എത്തിക്കുന്ന പദ്ധതിക്ക് മസ്കത്ത് ഗവണറേറ്റിൽ തുടക്കം. ആദ്യഘട്ടത്തിൽ, ഖാന്താബിലെ മസ്കത്ത് ബേ റസിഡൻഷ്യൽ കോംപ്ലക്സിലും അതിനടുത്തുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർക്കാണ് ഡ്രോൺ വഴി പാഴ്സൽ എത്തിക്കുക.
മസ്കത്ത് ഗവർണറേറ്റും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും സഹകരിച്ചാണ് നടപ്പാക്കുന്നത്. മസ്കത്തിലെ ഉൾപ്രദേശങ്ങളിലുള്ളവർക്ക് വേഗത്തിൽ ഭക്ഷണങ്ങളും ചരക്കുകളും എത്തിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് കരുതുന്നു.
യാങ്കറ്റ്, അൽ ഖൈറാൻ, സിഫ എന്നിവയുൾപ്പെടെ മസ്കത്തിലെ വിലായത്തുകളിലെ മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആഗോള കമ്പനിയായ യു.വി.എൽ റോബോട്ടിക്സാണ് പദ്ധതിയുമായി സഹകരിക്കുന്നത്. 25 കി.മീറ്റർ പരിധിയിൽ അഞ്ച് കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളെയായിരിക്കും യു.വി.എൽ ഇതിനായി വിന്യസിക്കുക.