ദോഹ: അറേബ്യൻ കുതിര മഹോത്സവത്തിനു പിന്നാലെ കതാറ കൾചറൽ വില്ലേജ് പത്താമത് ഹലാൽ ഫെസ്റ്റിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 21 മുതൽ 26 വരെയാണ് ഖത്തറിൻറെ സംസ്കാരവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന ഹലാൽ ഫെസ്റ്റിന് വേദിയാവുന്നത്.
ആറു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് കതാറ കൾചറൽ വില്ലേജിൻറെ തെക്കുഭാഗത്തായി അരങ്ങേറും. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാണ് ഖത്തറിലെ സ്വദേശികളും വിദേശികളുമായവരെ ആകർഷിക്കുന്ന ഹലാൽ ഫെസ്റ്റ് നടക്കുന്നത്. കഴിഞ്ഞ സീസണിൽ കോവിഡ് കാരണം റദ്ദാക്കിയിരുന്നു. ഒരു വർഷത്തെ ഇടവേളക്കുശേഷം വീണ്ടും ആരംഭിക്കുമ്പോൾ കോവിഡിൻറെ ഭീതി ഏറെ അകന്ന ആശ്വാസത്തിലുമാണ് ജനങ്ങൾ.
മരുഭൂമിയിലെ പഴയകാലം ജീവിതം അടയാളപ്പെടുത്തുന്ന ഫെസ്റ്റിൽ ആടുകളും ചെമ്മരിയാടുകളുമാണ് താരങ്ങൾ. ആടുകളെയും ഒട്ടകങ്ങളെയും വളർത്തിയിരുന്ന മരുഭൂമിയിലെ പഴയകാല ജീവിതവും മൃഗവ്യാപാരവും പുതുതലമുറയിലേക്കു പകർന്നുനൽകുകയാണ് വർഷങ്ങളായി ആഘോഷപൂർവം നടത്തപ്പെടുന്ന മേളയുടെ ലക്ഷ്യം.
ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വരുടെ പങ്കാളിത്തത്തിനുപുറമെ, വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും പ്രദർശനത്തിനെത്തും. വളർത്തുമൃഗങ്ങളുടെ പ്രദർശനവും പ്രധാന ആകർഷക ഘടകമാണ്.