അഹമ്മദാബാദ്: അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേക കോടതിയുടെ അത്യപൂര്‍വ വിധി. പ്രത്യേക ജഡ്ജി എ ആര് പട്ടേലാണ് വിധി പറഞ്ഞത്. 2008 ജൂലൈ 26നായിരുന്നു ബോംബ് സ്ഫോടനമുണ്ടായത്. കേസില്‍ 4 മലയാളികള്‍ ഉള്‍പ്പടെ 78 പേര് വിചാരണ നേരിട്ടതില്‍ 49 പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷിച്ച 11 പേര്‍ക്കു പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 28 പേരെ വെറുതെവിട്ടു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് സ്ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. പതിമൂന്നു വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ വിധി വന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കേസിൻ്റെ വിചാരണ പൂര്‍ത്തിയായിരുന്നു. 2008 ജൂലൈ 26-ന് അഹമ്മദാബാദിലെ തിരക്കേറിയ ഓൾഡ് സിറ്റിയിൽ അടക്കം 20 ഇടങ്ങളിലാണ് സ്ഫോടനപരമ്പര നടന്നത്. 20 മിനിറ്റിനിടെ 21 സ്ഥലങ്ങളിലായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 56 പേരാണ് മരിച്ചത്. 200 പേര്‍ക്ക് പരിക്കേറ്റു.