അബുദാബി: യുഎഇയിൽ (UAE) റോഡുകളിലും ട്രാഫിക് സിഗ്നലുകൾക്ക് സമീപവും പെട്ടെന്ന് ലേൻ മാറുന്ന (swerving or sudden changing of lanes) ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഇത്തരം വാഹനങ്ങളെ പിടികൂടാനായി പ്രത്യേക റഡാറുകൾ (Radars) സ്ഥാപിച്ചിട്ടുണ്ടെന്ന് അബുദാബി പൊലീസിന്റെ ട്രാഫിക് വിഭാഗം (Abu Dhabi Traffic Police) അറിയിച്ചു. ഇത്തരത്തിൽ പെരുമാറുന്ന ഡ്രൈവർമാർ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന (Road accidents) സാഹചര്യത്തിലാണ് കർശന നടപടിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
റോഡുകൾ കൂടിച്ചേരുന്ന സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിർബന്ധമായും അതാത് ലേനുകളിലൂടെ തന്നെ വാഹനം ഓടിക്കണമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിൽ അബുദാബി പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. പെട്ടെന്ന് മുന്നറിയിപ്പുകളില്ലാതെ ലേൻ മാറുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി മാറിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. റോഡുകൾ കൂടിച്ചേരുന്ന സ്ഥലങ്ങളിൽ ലേൻ പാലിക്കാതെ മുന്നോട്ട് നീങ്ങുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.