ചോറ്റാനിക്കരയില്‍ മകം തൊഴുത് നയൻതാരയും വിഘ്‍നേശ് ശിവനും

കൊച്ചി: ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ  മകം തൊഴലിനെത്തി തെന്നിന്ത്യൻ താരം നയൻതാരയും വിഗ്നേഷ് ശിവനും. രണ്ട് മണിയോടെയാണ് ദേവീ ദർശനത്തിനായി ചോറ്റാനിക്കരയിൽ നട തുറന്നത്. സിനമാ താരങ്ങളായ പാർവതിയും ശ്വേതാ മേനോനും മകം തൊഴലിനായി എത്തിയിരുന്നു. പ്രതിശ്രുത വരനും തമിഴ് സിനിമാ സംവിധായകനുമായ വിഗ്‌നേഷിനൊപ്പമാണ് നയന്‍താര ചോറ്റാനിക്കരയില്‍ എത്തിയത്. തിരക്കനുഭവപ്പെട്ടുവെങ്കിലും കൃത്യമായി തിരക്ക് നിയന്ത്രിച്ചുകൊണ്ടായിരുന്നു ഭക്തരെ പ്രവേശിപ്പിച്ചത്.

സര്‍വാഭരണ വിഭൂഷിതയായി ചുവന്ന പട്ടുടുത്ത് ദേവീ ദര്‍ശനം രാത്രി പത്ത് മണി വരെ നീണ്ടു. സ്ത്രീകളെ സമ്പന്ധിച്ച് നെടുമംഗല്യംത്തിന് വേണ്ടിയാണ് ഇഷ്ടവരദായിനിയായ ചോറ്റാനിക്കര ദേവിയെ തൊഴാന്‍ എത്തുന്നത്. ഈ ദിവസം ഉച്ചയ്ക്ക് ദേവീ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. വിഘ്‍നേശ് ശിവനും നയൻതാരയും കുറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകളുണ്ട്.

വിവാഹത്തിന് മുന്നോടിയെന്നോണം ഇരുവരും വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടുകയാണ്. തിരുപ്പതിയടക്കമുള്ള ക്ഷേത്രങ്ങളില്‍ ഇരുവരും സന്ദര്‍ശനം നടത്തിയതിൻ്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. വിഘ്‍നേശ് ശിവൻ ഓരോ വിശേഷ ദിവസങ്ങളിലും നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുമുണ്ട്. അടുത്തിടെ വാലന്റേയ്‍ൻസ് ഡേയില്‍ നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോ വിഘ്‍നേശ് ശിവൻ പങ്കുവെച്ചിരുന്നു. എല്ലാവര്‍ക്കും വാലന്റേയ്‍ൻസ് ഡേ ആശംസകള്‍. ഇത് പ്രണയമാണ്. ജീവിതം. സ്‍നേഹിക്കാനും സ്‍നേഹിക്കപ്പെടാനും ആഗ്രഹവും സമയവും ഉണ്ടായിരിക്കണമെന്നും വിഘ്‍നേശ് ശിവൻ എഴുതിയിരുന്നു.