വടകര: കുടുംബകോടതി കെട്ടിടനിര്‍മാണത്തിനായി 9.21 കോടിയുടെ പദ്ധതി ഭരണാനുമതിക്കായി സമര്‍പ്പിച്ചു. കുടുംബ കോടതിക്ക് രണ്ടര കോടി രൂപ നേരത്തേ അനുവദിച്ചിരുന്നെങ്കിലും കെട്ടിടം യാഥാര്‍ഥ്യമായില്ല. കെട്ടിടനിര്‍മാണത്തിന് ഫണ്ട് അപര്യാപ്തമായതിനാല്‍ പുതിയ പ്രോജക്ട് തയാറാക്കിയാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ അടിയന്തരമായി ഇടപെടുമെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞു. കെട്ടിടനിര്‍മാണം സംബന്ധിച്ച പ്രവര്‍ത്തനം വിലയിരുത്താന്‍ കെ.കെ. രമ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. കോടതിയുടെ മുന്നില്‍ ഇപ്പോള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് കോടതി കെട്ടിടമെന്നത് കാലങ്ങളായുള്ള സ്വപ്നമാണ്.
പാര്‍ക്കിങ് അടക്കം നാലുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. പുതിയ വര്‍ഷത്തെ ബജറ്റ് നിര്‍ദേശത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. നിര്‍ദേശം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ അനുവദിക്കപ്പെട്ട ഒരു പോക്സോ കോടതി വടകരയില്‍ സ്ഥാപിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും എം.എല്‍.എ അറിയിച്ചു.
ബാര്‍ കൗണ്‍സില്‍ ഹാളില്‍ വക്കീലന്മാരും അഡ്വക്കറ്റ് ക്ലര്‍ക്ക് ഹാളില്‍ വക്കീല്‍ ഗുമസ്തന്മാരും എം.എല്‍.എയുമായി ചര്‍ച്ച നടത്തി. നിലവിലുള്ള അഡ്വക്കറ്റ് ക്ലര്‍ക്കുമാരുടെ ഹാളിൻ്റെ പരിമിതികള്‍ അവര്‍ എം.എല്‍.എയെ അറിയിച്ചു. ആസ്ബസ്റ്റോസ് ഷീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടത്തില്‍ ഞെരുങ്ങിയാണ് ഗുമസ്തന്മാര് ജോലിചെയ്യുന്നത്.
വേനല്‍ക്കാലമായാല്‍ ചൂട് സഹിക്കാന്‍ കഴിയില്ല. കെട്ടിടത്തിൻ്റെ മേല്‍ക്കൂര നിര്‍മാണത്തിനും ശുചിമുറിക്കുമായി നാലു ലക്ഷത്തിൻ്റെ പ്രോജക്ട് പി.ഡബ്ല്യു.ഡി വിഭാഗം സര്‍ക്കാറിലേക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭരണാനുമതിക്കായും അടിയന്തര ഇടപെടലുണ്ടാകുമെന്ന് കെ.കെ. രമ എം.എല്‍.എ അറിയിച്ചു.