കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്. കടകളിൽ നടത്തിയ പരിശോധനയിൽ അസറ്റിക് ആസിഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ന് നടത്തിയ പരിശോധനയിൽ 17 കടകളിൽനിന്നായി 35 ലിറ്റർ അസറ്റിക് ആസിഡ് കണ്ടെത്തിയിരുന്നു.
വരക്കൽ ബീച്ചിലെ രണ്ട് തട്ടുകടകളിൽ കന്നാസുകളിൽ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യൽ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തിയിരുന്നു. ഉപ്പിലിട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്നത് വിനാഗിരി ലായനിയിൽ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി.
ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് രാസവസ്തു കുടിച്ച് രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റ സംഭവത്തെ തുടർന്നാണ് വ്യാപക പരിശോധന നടന്നത്. പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ വിദ്യാർഥികൾക്കാണ് പൊള്ളലേറ്റത്.
ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു. കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ പ്രത്യേക നിർദേശങ്ങൾ
തട്ടുകടകളിൽ പഴങ്ങൾ ഉപ്പിലു സുർക്കയിലും ഇടുന്നത്തിനു ഉപ്പു ലായിനിയും വിനാഗിരിയും മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം മാർക്കറ്റുകളിൽ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരം ഉള്ള സിന്തറ്റിക് വിനഗർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
തട്ടുകടകളിൽ ഒരു കാരണവശാലും ഗ്ലേഷ്യൽ അസറ്റിക് ആസിഡ് സൂക്ഷിക്കുവാനോ ഭക്ഷ്യ വസ്തുക്കളിൽ നേരിട്ട് ചേർക്കുവാനോ പാടുള്ളതല്ല.
ഒരാഴ്ചക്കുള്ളിൽ ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകും.
തട്ടുകടകളിൽ ഭക്ഷ്യ അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അതാതു കച്ചവടക്കാരൻറെയും ഉത്തരവാദിത്തമാണ്.
കൃത്യമായ ലേബൽ വിവരങ്ങളോടുകൂടിയ ഭക്ഷ്യ അസംസ്കൃത വസ്തുക്കൾ മാത്രമേ ഉപയോഗിക്കുവാനോ വിൽക്കുവാനോ പാടുള്ളു.
ഭക്ഷ്യ വസ്തുക്കളുടെയും ഭക്ഷ്യ അസംസ്കൃത വസ്തുക്കളുടെയും ബില്ലുകൾ കൃത്യമായി പരിപാലിക്കേണ്ടതും പരിശോധന സമയത്തു ഹാജരാക്കേണ്ടതുമാണ്.
ഭക്ഷ്യ സുരക്ഷാ ലൈസൻസോ രജിസ്റ്ററേഷനോ ഇല്ലാതെ കടകൾ പ്രവർത്തിപ്പിക്കുവാൻ അനുവദിക്കില്ല.
പരാതികൾ രേഖപ്പെടുത്താൻ ഭക്ഷ്യ സുരക്ഷാ ടോൾ ഫ്രീ നമ്പറായ 18004251125ൽ അറിയിക്കേണ്ടതാണ്.