കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരവുമായിരുന്ന സുര്‍ജിത് സെന്‍ഗുപ്ത (70) അന്തരിച്ചു. 1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമായ അദ്ദേഹത്തിന്റെ അന്ത്യം കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
കോവിഡ് പോസിറ്റീവ് ആയതോടെ ജനുവരി 23-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കൊല്‍ക്കത്തന്‍ ക്ലബ്ബിന്റെ സുവര്‍ണ കാലഘട്ടത്തില്‍ മധ്യനിര ഭരിച്ചിരുന്നത് സെന്‍ഗുപ്തയായിരുന്നു. ക്ലബ്ബ് തുടര്‍ച്ചയായി ആറു തവണ കല്‍ക്കട്ട ഫുട്ബോള്‍ ലീഗ് കിരീടം നേടിയപ്പോഴും സെന്‍ഗുപ്ത ടീമംഗമായിരുന്നു. ആറു ഐഎഫ്എ ഷീല്‍ഡും മൂന്നു ഡ്യൂറന്റ് കപ്പ് കിരീടങ്ങളും ഈസ്റ്റ് ബംഗാള്‍ ജഴ്സിയില്‍ സെന്‍ഗുപ്ത സ്വന്തമാക്കി.
1974-ലും 1978-ലും ഏഷ്യൻ ഗെയിംസിലും, 1974-ൽ മെർദേക്ക കപ്പിലും, 1977-ൽ പ്രസിഡന്റ്സ് കപ്പിലും, യുഎഇ, ബഹ്റൈൻ എന്നിവയ്ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലും (1979) അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1978ലെ ഏഷ്യൻ ഗെയിംസിൽ കുവൈത്തിനെതിരെയാണ് അദ്ദേഹം തന്റെ ഏക അന്താരാഷ്ട്ര ഗോൾ നേടിയത്.
1951 ഓഗസ്റ്റ് 30-ന് ജനിച്ച ബിഷു എന്ന വിളിപ്പേരുള്ള സൂരജിത്ത് ഹൂഗ്ലി ജില്ലയിലെ ചക്ബസാർ സ്വദേശിയാണ്. ഹൂഗ്ലി മൊഹ്സിൻ കോളേജിൽ പഠിക്കുമ്പോൾ സെൻഗുപ്ത രണ്ടാം ഡിവിഷൻ ക്ലബ്ബായ റോബർട്ട് ഹഡ്സണിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. അവിടെ നിന്ന്, കിഡ്ഡർപോർ ക്ലബ്ബിനൊപ്പം അദ്ദേഹം തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചു.
അവിടെ നിന്ന്, ഇതിഹാസ താരം സൈലൻ മന്നയുടെ മാർഗനിർദേശപ്രകാരം മോഹൻ ബഗാനിലെത്തി. 1972 മുതൽ രണ്ട് സീസണുകളിൽ മോഹൻ ബഗാന് വേണ്ടി കളിച്ച അദ്ദേഹം 1978 ക്യാപ്റ്റനാവുകയും ചെയ്തു. ഈസ്റ്റ് ബംഗാളിനായി 92 ഗോളുകൾ നേടി. സെൻഗുപ്തയ്ക്ക് 2018-ൽ ഈസ്റ്റ് ബംഗാൾ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി. 1975, 1976, 1977, 1978 വർഷങ്ങളിൽ ബംഗാൾ സന്തോഷ് ട്രോഫി ടീമിൽ അംഗമായിരുന്ന സെൻഗുപ്ത 26 ഗോളുകളും നേടി.
കഴിഞ്ഞ മാസം ഇതിഹാസ താരം സുഭാഷ് ഭൗമിക് വിട പറഞ്ഞതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാളിന്റെ മറ്റൊരു ഇതിഹാസ താരം കൂടി ജീവിതത്തിന്റെ ബൂട്ടഴിക്കുന്നത്.