തിരുവനന്തപുരം: സർക്കാരിനെ മുൾമുനയിൽനിർത്തിയ ശേഷം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിന് അംഗീകാരം നല്‍കിയത്.
നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്ഷന് നല്കുന്ന നടപടി റദ്ദാക്കണമെന്നതടക്കം ചില ഉപാധികള്‍ ഗവര്‍ണര്‍ മുന്നോട്ടുവച്ചു. മുഖ്യമന്ത്രി രാജ്ഭവനിലെത്തി അനുനയനീക്കം നടത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാന് നിലപാടില്‍ ഉറച്ച് നിന്നു.
മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണ്ണർ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവർണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്.
നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്.
ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമസഭ സെക്രട്ടേറിയേറ്റിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ അത്യപൂർവ്വ സംഭവമായിരുന്നു ഇത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
അഡീഷണൽ പി.എ നിയമനത്തിലെ സർക്കാരിന്റെ കത്ത് പ്രകോപിപ്പിച്ചു. കത്ത് സർക്കാർ പുറത്ത് വിട്ടത് ശരിയായില്ലെന്ന് ഗവർണർ പറഞ്ഞു. പരമ്പരാഗത രീതിക്ക് നിരക്കുന്നതല്ല നിയമനമെന്ന് സർക്കാർ കത്തിൽ പറഞ്ഞിരിന്നു.